ബാലൺ ഡി’ഓർ പരാജയത്തോട് ഹാലന്റ് എങ്ങനെയാണ് പ്രതികരിച്ചത്? പെപ് പറയുന്നു!

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ അവാർഡ് സൂപ്പർ താരം ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവിജിയൻ സൂപ്പർതാരമായ എർലിംഗ് ഹാലന്റിനെ പിന്തള്ളി കൊണ്ടാണ് മെസ്സി ഈ അവാർഡ് കരസ്ഥമാക്കിയത്.ഹാലന്റിനെക്കാൾ 105 പോയിന്റുകൾ അധികം നേടിക്കൊണ്ടാണ് മെസ്സി എട്ടാമത്തെ ബാലൺഡി’ഓർ കൈക്കലാക്കിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ള താരം മെസ്സിയാണ്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയതിനാൽ ഇത്തവണ വലിയ സാധ്യത ഹാലന്റിനും കൽപിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഹാലന്റ് ഈ പരാജയത്തോട് എങ്ങനെയാണ് റിയാക്ട് ചെയ്തതെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ്പിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.എന്നാൽ ഹാലന്റിന് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം ഹാപ്പിയാണ് എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്. പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എർലിംഗ് ഹാലന്റിനെ വളരെ ഹാപ്പിയായി കൊണ്ട് കാണാനാണ് എനിക്ക് സാധിച്ചത്. ലയണൽ മെസ്സിയുടെ തൊട്ടരികിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.എംബപ്പേയോടും മറ്റുള്ളവരോടും അദ്ദേഹം പോരാടി. മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചിടത്തോളം അതൊരു നല്ല രാത്രിയായിരുന്നു. അവാർഡ് സ്വന്തമാക്കിയതിന് ലയണൽ മെസ്സിക്ക് വലിയ അഭിനന്ദനങ്ങൾ ഞാൻ നേരുന്നു.മാഞ്ചസ്റ്റർ സിറ്റി അവിടെ സജീവമായി ഉണ്ടായിരുന്നു.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒരുപാട് തവണയൊന്നും അവിടെ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള അവാർഡ് സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. അർഹിച്ച ഒരു പുരസ്കാരം തന്നെയായിരുന്നു അവർ സ്വന്തമാക്കിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ കഴിഞ്ഞ സീസണിൽ നേടാൻ അവർക്ക് സാധിച്ചിരുന്നു. അതിന് ചുക്കാൻ പിടിച്ചിരുന്നത് എർലിംഗ് ഹാലന്റ് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *