സൂപ്പർതാരത്തെ സ്വന്തമാക്കാൻ ലിവർപൂളും ചെൽസിയും,അർജന്റീന താരങ്ങൾക്ക് പ്രീമിയർ ലീഗിൽ ഡിമാൻഡ് വർദ്ധിക്കുന്നു!

ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയതിന്റെ ഫലമായി കൊണ്ട് അർജന്റീന താരങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുന്ന ഒരു കാഴ്ചയാണ് സമീപകാലത്ത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകൾ അർജന്റീന സൂപ്പർ താരങ്ങളെ നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.ഹൂലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തുമ്പോൾ മാക്ക് ആല്ലിസ്റ്റർ ലിവർപൂളിന്റെയും എൻസോ ഫെർണാണ്ടസ് ചെൽസിയുടെയും താരമാണ്. കൂടുതൽ അർജന്റീന താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങളിൽ തന്നെയാണ് ഈ ക്ലബ്ബുകൾ ഉള്ളത്.

കഴിഞ്ഞ മത്സരത്തിൽ അർജന്റീന പെറുവിനെ തോൽപ്പിച്ചപ്പോൾ രണ്ട് ഗോളുകളും നേടിയത് സൂപ്പർതാരം ലയണൽ മെസ്സിയാണ്. അതിൽ ഒരു ഗോളിന് അസിസ്റ്റ് നൽകിയത് നിക്കോളാസ് ഗോൺസാലസാണ്.താരത്തെ സ്വന്തമാക്കാൻ വേണ്ടി രണ്ട് പ്രീമിയർ ലീഗ് വമ്പന്മാർ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.ലിവർപൂൾ,ചെൽസി എന്നിവരാണ് ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റിനക്ക് വേണ്ടിയാണ് ഈ സൂപ്പർ താരം കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരിക്കും ഈ രണ്ടു ക്ലബ്ബുകളും താരത്തിനു വേണ്ടി പരിശ്രമങ്ങൾ നടത്തുക. നേരത്തെ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രന്റ് ഫോർഡ് താരത്തിന് വേണ്ടി 30 മില്യൺ യൂറോയുടെ ഒരു ഓഫർ നൽകിയിരുന്നു.അത് ഇറ്റാലിയൻ ക്ലബ്ബ് നിരസിക്കുകയും ചെയ്തിരുന്നു.

അതായത് 60 മില്യൻ യൂറോ എങ്കിലും ലഭിക്കണം എന്നുള്ള ഒരു നിലപാടിലാണ് ഇറ്റാലിയൻ ക്ലബ്ബ് ഇപ്പോൾ ഉള്ളത്. നിലവിൽ സിരി എയിൽ മികച്ച പ്രകടനം നടത്താൻ ഗോൺസാലസിന് കഴിയുന്നുണ്ട്. 7 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.ഏതായാലും അധികം വൈകാതെ തന്നെ അദ്ദേഹത്തെ പ്രീമിയർ ലീഗിൽ കാണാം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *