അവനൊരു നാറി, പൊങ്ങച്ചക്കാരൻ: മുൻ ബ്രസീലിയൻ താരത്തിനെതിരെ ആഞ്ഞടിച്ച് നെയ്മർ!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ സൗത്തമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ വെനിസ്വേലയായിരുന്നു ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. നെയ്മറുടെ കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെ ഗബ്രിയേലായിരുന്നു ബ്രസീലിന് വേണ്ടി ഗോൾ നേടിയിരുന്നത്.

ഈ മത്സരത്തിന് ശേഷം നെയ്മർ ജൂനിയർക്ക് പോപ്കോൺ ബാഗ് കൊണ്ടുള്ള ഒരു ഏറ് ഏൽക്കേണ്ടി വന്നിരുന്നു.പിന്നീട് വലിയ വിവാദമാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു വിവാദപ്രസ്താവന ബ്രസീലിയൻ താരമായിരുന്ന നെറ്റോ നടത്തിയിരുന്നു. നെയ്മർ ഉൾപ്പെടെയുള്ള ബ്രസീലിയൻ താരങ്ങളെ എറിഞ്ഞോടിക്കണമെന്നായിരുന്നു ഇദ്ദേഹം ഒരു ടിവി ഷോയിൽ പറഞ്ഞിരുന്നത്. വളരെ മോശം വാക്കുകൾ ഉപയോഗിച്ചു കൊണ്ടായിരുന്നു ഈ ഒരു പ്രസ്താവന അദ്ദേഹം നടത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ നെയ്മർ ജൂനിയർ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ ഈ വാർത്തക്ക് താഴെയുള്ള കമന്റ് ബോക്സിലാണ് തന്റെ പ്രതിഷേധം നെയ്മർ അറിയിച്ചത്.അവനൊരു നാറിയാണ്, അവനൊരു പൊങ്ങച്ചക്കാരനാണ് എന്നാണ് നെയ്മർ കമന്റായിക്കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിപ്പോൾ ബ്രസീലിയൻ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.1988 മുതൽ 1993 വരെ ബ്രസീലിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് നെറ്റോ.ബ്രസീലിയൻ താരങ്ങളെ അധിക്ഷേപിച്ചതിന് നെയ്മർ അതേ രീതിയിൽ തന്നെ മറുപടി നൽകുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്.

ഏതായാലും കഴിഞ്ഞ മത്സരത്തിൽ വിജയിക്കാത്തത് കൊണ്ട് തന്നെ ബ്രസീലിയൻ ആരാധകർക്കിടയിൽ വലിയ അസംതൃപ്തിയുണ്ട്. അടുത്ത മത്സരത്തിൽ കരുത്തരായ ഉറുഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ. ആ മത്സരത്തിൽ ബ്രസീലിന് വിജയിക്കൽ അനിവാര്യമായ ഘടകമാണ്.നിലവിൽ പോയിന്റ് പട്ടികയിൽ അർജന്റീനക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *