എന്റെ പേര് തന്നെ എനിക്ക് പ്രശ്നമാകുന്നു : തുറന്ന് പറഞ്ഞ് ഏർലിംഗ് ഹാലന്റ്.
ഇന്നലെ നടന്ന യുറോ യോഗ്യത മത്സരത്തിൽ വിജയം നേടാൻ നോർവേക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു നോർവേ സൈപ്രസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഗോളുകൾ ആയിരുന്നു അദ്ദേഹം മത്സരത്തിൽ നേടിയിരുന്നത്.
സൈപ്രസിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം അരങ്ങേറിയിരുന്നത്. സൈപ്രസ് ആരാധകർ തന്നെ ഹാലന്റിന്റെ പേര് ചാന്റ് ചെയ്തുകൊണ്ട് അഭിനന്ദിച്ചിരുന്നു. എന്നാൽ ഹാലന്റിന് ഇക്കാര്യങ്ങളോടൊന്നും വലിയ താല്പര്യമില്ല. തന്റെ പേര് തന്നെ തനിക്കൊരു പ്രശ്നമാകുന്നു എന്നാണ് ഇതേക്കുറിച്ച് ഹാലന്റ് പറഞ്ഞിട്ടുള്ളത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹാലന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erling Haaland's international record is a joke 😤 pic.twitter.com/HPRzi9rb0S
— GOAL (@goal) October 13, 2023
” എന്റെ പേര് തന്നെ എനിക്ക് ഇപ്പോൾ ഒരു പ്രശ്നമാകുന്നു. അത് തന്നെ എന്നെ തളർത്തി തുടങ്ങുന്നു.പക്ഷേ ആരാധകരുടെ പിന്തുണയെ ഞാൻ അഭിനന്ദിക്കുന്നു. അതുകൊണ്ടുതന്നെ ഞാൻ പരാതി പറയില്ല.ഈ വിജയം ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു വിജയമാണ്.ഇനി സ്പെയിനിനെതിരെയുള്ള മത്സരത്തിൽ ശ്രദ്ധ പതിപ്പിക്കണം.അടുത്ത മത്സരത്തിനു വേണ്ടി നല്ല രീതിയിൽ തയ്യാറെടുക്കണം. ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം, ആരാധകർ ഞങ്ങളെ സപ്പോർട്ട് ചെയ്യുകയും വേണം ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.
ദേശീയ ടീമിന് വേണ്ടി ആകെ 27 മത്സരങ്ങളാണ് ഹാലന്റ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 27 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ കാര്യങ്ങൾ ആശാവഹമല്ല. അവസാനത്തെ നാല് മത്സരങ്ങളിൽ നിന്ന് ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.