34 വർഷത്തെ ഏറ്റവും മോശം തുടക്കം,ടെൻ ഹാഗിന് നേരെ വിമർശനമുയരുന്നു!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ ക്രിസ്റ്റൽ പാലസ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 25ആം മിനുട്ടിൽ ആൻഡേഴ്സൺ നേടിയ ഗോളാണ് പാലസിന് വിജയം സമ്മാനിച്ചത്. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ് ഈയൊരു തോൽവി യുണൈറ്റഡ് വഴങ്ങിയത്.

യുണൈറ്റഡ് ഇപ്പോൾ തങ്ങളുടെ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രീമിയർ ലീഗിൽ ഇതുവരെ ആകെ 7 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ നാല് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.3 മത്സരങ്ങളിൽ വിജയിച്ചു. 9 പോയിന്റ് ഉള്ള യുണൈറ്റഡ് ഇപ്പോൾ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഉള്ളത്.ക്രിസ്റ്റൽ പാലസ്,ബ്രൈറ്റൻ,ആഴ്സണൽ,ടോട്ടൻഹാം എന്നിവരോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഇതുവരെ പരാജയപ്പെട്ടിട്ടുള്ളത്.

മാത്രമല്ല 34 വർഷത്തിന് ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശം തുടക്കമാണിത്. പ്രീമിയർ ലീഗിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നാലിലും പരാജയപ്പെടുന്നത് 34 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ്. 1989-90 സീസണിൽ അലക്സ് ഫെർഗ്ഗൂസന് കീഴിൽ യുണൈറ്റഡ് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി അനുഭവിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് ഇപ്പോൾ ഇത്രയധികം തോൽവികൾ തുടക്കത്തിൽ തന്നെ വഴങ്ങുന്നത്.

മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോടും യുണൈറ്റഡ് പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിശീലകനായ ടെൻ ഹാഗിന് ഇപ്പോൾ വലിയ വിമർശനങ്ങളാണ് ഏൽക്കേണ്ടി വരുന്നത്. ഇനി അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗലാറ്റസറെയാണ് യുണൈറ്റഡിന്റെ എതിരാളികൾ. ആ മത്സരത്തിലും പരാജയപ്പെടേണ്ടി വന്നാൽ ടെൻ ഹാഗിന്റെ ഭാവി തുലാസിലാകും എന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *