സൂപ്പർ സബ്ബായി റിച്ചാർലീസൺ,ഗോളും അസിസ്റ്റുമായി ടീമിനെ വിജയിപ്പിച്ചു!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമും ഷെഫീൽഡ് യുണൈറ്റഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. വളരെ ആവേശകരമായ ഒരു മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 73ആം മിനിറ്റിൽ ഷെഫീൽഡ് ലീഡ് നേടിയിരുന്നു. 90 മിനിറ്റുകൾക്ക് ശേഷവും ഈ ഗോൾ തിരിച്ചടിക്കാൻ ടോട്ടൻഹാമിന് സാധിച്ചിരുന്നില്ല.
മത്സരത്തിന്റെ 80 മിനിറ്റിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ പകരക്കാരനായി കൊണ്ട് കളിക്കളത്തിലേക്ക് വന്നത്. അദ്ദേഹം ടോട്ടൻഹാമിന്റെ സൂപ്പർ സബ് ആവുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 98ആം മിനിറ്റിൽ റിച്ചാർലീസൺ ടോട്ടൻഹാമിന് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു.ഇവാൻ പെരിസിച്ചിന്റെ കോർണർ കിക്കിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് റിച്ചാർലീസൺ ഗോൾ നേടിയത്.
“He arrows his header in!”
— Tottenham Hotspur (@SpursOfficial) September 16, 2023
What a moment from Richarlison 🔥 pic.twitter.com/fKSadiVM09
ഈ ഗോൾ നേടിയതിന് പിന്നാലെ മിനിറ്റുകൾക്കകം തന്നെ ടോട്ടൻഹാം മറ്റൊരു ഗോൾ കൂടി നേടി.കുലുസെവ്സ്ക്കിയാണ് ഇത്തവണ വല കുലുക്കിയത്.ഈ ഗോളിന് അസിസ്റ്റ് നൽകിയത് റിച്ചാർലീസണായിരുന്നു. അതായത് പകരക്കാരനായി വന്ന ഈ ബ്രസീലിയൻ സൂപ്പർ താരം ഗോളും അസിസ്റ്റും നേടി കൊണ്ട് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ഈ മികച്ച പ്രകടനം റിച്ചാർലീസണ് ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. എന്തെന്നാൽ അദ്ദേഹം മാനസികമായി ഏറെ തകർന്നിരിക്കുന്ന ഒരു സമയമാണിത്.റിച്ചാർലീസൺ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ ഒരു തിരിച്ചുവരവ് തന്നെയാണ് കഴിഞ്ഞ മത്സരത്തിൽ നമ്മൾ കണ്ടത്. 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് നേടിയിട്ടുള്ള ടോട്ടൻഹാം നിലവിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. അടുത്ത മത്സരത്തിൽ വമ്പൻമാരായ ആഴ്സണലാണ് അവരുടെ എതിരാളികൾ.