എംബപ്പേയെ കിട്ടിയില്ലെങ്കിൽ അർജന്റൈൻ സൂപ്പർതാരത്തെ പൊക്കാൻ റയൽ മാഡ്രിഡ്.

അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കുക. അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് എത്തുമോ അതല്ല കോൺട്രാക്ട് പുതുക്കിക്കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരുമോ എന്നുള്ളത് വ്യക്തമല്ല. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. അതിനുവേണ്ടിയുള്ള പരമാവധി ശ്രമങ്ങൾ അവരുടെ ഭാഗത്തു നിന്നുണ്ടാവും.

എംബപ്പേയുടെ കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ലഭിക്കാത്ത സ്ഥിതിക്ക് ബാക്കപ്പ് ഓപ്ഷനുകൾ റയൽ മാഡ്രിഡ് പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. എന്തെന്നാൽ അടുത്ത സമ്മറിൽ ഒരു മികച്ച സ്ട്രൈക്കറെ എത്തിക്കൽ റയലിന് നിർബന്ധമാണ്.ബെൻസിമ ക്ലബ്ബ് വിട്ട സ്ഥാനത്തേക്ക് ഒരു മികച്ച താരത്തെ എത്തിക്കാൻ റയൽ മാഡ്രിഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ എംബപ്പേയെ ലഭിച്ചില്ലെങ്കിൽ ബാക്കപ്പ് ഓപ്ഷനുകൾ ആയി കൊണ്ട് ചില താരങ്ങളെ റയൽ പരിഗണിക്കുന്നുണ്ട് എന്നുള്ള കാര്യം ഫിഷാജസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിൽ പ്രധാനപ്പെട്ട താരം മറ്റാരുമല്ല, മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ റയലിന് താല്പര്യമുണ്ട്.മികച്ച ഫോമിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും തകർപ്പൻ പ്രകടനം ഈ സൂപ്പർ താരം പുറത്തെടുത്തിരുന്നു.

പക്ഷേ സിറ്റിക്ക് വേണ്ടിയുള്ള പ്രകടനങ്ങൾ ഹാലന്റിന്റെ പ്രഭാവത്തിൽ മുങ്ങി പോവുകയായിരുന്നു.എന്നാൽ ഈ സീസണിൽ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടാൻ ഈ 23 കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഹൂലിയൻ ആൽവരസിനെ എത്തിക്കാൻ കഴിഞ്ഞാൽ അത് മുതൽക്കൂട്ടാവും എന്ന് തന്നെയാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്. പക്ഷേ മാഞ്ചസ്റ്റർ സിറ്റി പെപ് ഗാർഡിയോളയോ ഈ താരത്തെ അത്ര വേഗത്തിൽ വിട്ടു നൽകാൻ ഒരുക്കമാവില്ല. അതുകൊണ്ടുതന്നെ റയൽ മാഡ്രിഡിന് വളരെയധികം ബുദ്ധിമുട്ടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *