എംബപ്പേ എതിരാളിയാണോ? പുതിയ മെസ്സി- റൊണാൾഡോ പോരാട്ടത്തെ കുറിച്ച് ഹാലന്റിന് പറയാനുള്ളത്.

കഴിഞ്ഞ 15 വർഷക്കാലം ഫുട്ബോൾ ലോകം അടക്കി ഭരിച്ച രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.രണ്ടുപേരും യൂറോപ്പ് വിട്ടെങ്കിലും ഇപ്പോഴും തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളായി കൊണ്ടായിരുന്നു ഇരുവരും വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ റൈവൽറി അവസാനിച്ചു കഴിഞ്ഞു എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരുന്നു.

ഇപ്പോൾ ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത് രണ്ട് താരങ്ങളിലേക്കാണ്. പുതിയ മെസ്സി- റൊണാൾഡോ എന്നാണ് ഹാലന്റിനെയും എംബപ്പേയേയും വിശേഷിപ്പിക്കപ്പെടുന്നത്. മെസ്സി- റൊണാൾഡോ റൈവൽറിക്ക് പകരം ഇനിമുതൽ എംബപ്പേ-ഹാലന്റ് റൈവൽറിയായിരിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് പൂർണമായും ഹാലന്റ് നിഷേധിക്കുന്നുണ്ട്.ഫ്രാൻസ് ഫുട്ബോൾ മാഗസിന് നൽകിയ പുതിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.അതിങ്ങനെയാണ്.

” മെസ്സിയും റൊണാൾഡോയും ചെയ്തുതീർത്ത അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് നാം മറക്കാൻ പാടില്ല. മാത്രമല്ല അവർ രണ്ടുപേരും ഇപ്പോഴും മികച്ച രീതിയിൽ കളിക്കുന്നുണ്ട്. പ്രായമേറി വരുന്നു എന്നത് അവർക്ക് ഒരു വിഷയമല്ല. അവർ രണ്ടുപേരും ഇപ്പോഴും ഫന്റാസ്റ്റിക് താരങ്ങളാണ്. ഞാൻ ഒരിക്കലും എന്നെ മറ്റൊരു താരവുമായി കൂട്ടിച്ചേർക്കില്ല.മറ്റൊരാളെ എതിരാളിയായി ഞാൻ കാണുന്നില്ല. അതെന്റെ രീതിയല്ല.ഞാൻ എന്നിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്.ഓരോ ദിവസവും മികച്ചതാവാനാണ് ഞാൻ ശ്രമിക്കുന്നത്. എന്റെ ഏറ്റവും മികച്ച വേർഷൻ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് എന്നിൽ നിന്നുണ്ടാവുക ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.

ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്ന താരം കൂടിയാണ് ഹാലന്റ്.യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹാലന്റായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാൽ ബാലൺഡി’ഓർ പോരാട്ടത്തിൽ ഹാലന്റിന് തടസ്സം ആവുക മെസ്സി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *