എന്തുകൊണ്ടാണ് മെസ്സി ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നത്? വിശദമായ കണക്കുകൾ!

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരത്തിന്റെ നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ടു കഴിഞ്ഞിട്ടുണ്ട്.ഒക്ടോബർ മുപ്പതാം തീയതിയാണ് ഈ അവാർഡ് നൽകുക. ലയണൽ മെസ്സിക്ക് വളരെയധികം സാധ്യതകൾ കല്പിക്കപ്പെടുന്നുണ്ട്. എന്നാൽ മെസ്സിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഹാലന്റുമുണ്ട് തൊട്ടരികിൽ.ഹാലന്റിനെക്കാൾ എന്തുകൊണ്ട് മെസ്സി ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നു എന്നതിനുള്ള ഒരു വിശദീകരണം ഗോൾ ഡോട്ട് കോം നൽകിയിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

വേൾഡ് കപ്പ് കിരീടം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം.വേൾഡ് കപ്പിലെ മെസ്സിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. 7 ഗോളുകൾ നേടിയ മെസ്സിയായിരുന്നു സെക്കൻഡ് ടോപ്പ് സ്കോറർ. മൂന്ന് അസിസ്റ്റുകൾ നേടിയ മെസ്സിയായിരുന്നു ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളിൽ ഒരാൾ.ഏറ്റവും കൂടുതൽ കീ പാസുകൾ, ഏറ്റവും കൂടുതൽ ഷോട്ട് ഓൺ ടാർഗറ്റ് എന്നിവയൊക്കെ ലയണൽ മെസ്സിയുടെ പേരിലാണ്.

ഒരു സിംഗിൾ വേൾഡ് കപ്പ് ടൂർണമെന്റിൽ എല്ലാ സ്റ്റേജിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരം മെസ്സിയാണ്.5 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടിയതും റെക്കോർഡ് തന്നെയാണ്. വേൾഡ് കപ്പ് ഗോൾഡൻ ബോൾ പുരസ്കാരം രണ്ട് തവണ നേടിയ ഏക വ്യക്തി മെസ്സിയാണ്. ആകെ 13 ഗോളുകളും 8 അസിസ്റ്റുകളും വേൾഡ് കപ്പ് ചരിത്രത്തിൽ മെസ്സി നേടി. വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരവും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഒന്നാമത്തെ താരവും മെസ്സിയാണ്.

പിഎസ്ജിയോടൊപ്പം മികച്ച തുടക്കമായിരുന്നു കഴിഞ്ഞ സീസണിൽ മെസ്സിക്ക് ലഭിച്ചിരുന്നത്. എന്നാൽ വേൾഡ് കപ്പിന് ശേഷമാണ് മെസ്സി ഒരല്പം പുറകിൽ പോയത്.പക്ഷേ 41 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 20 അസിസ്റ്റുകളും മെസ്സി നേടിയിരുന്നു. അതായത് 41 ഗോൾ പങ്കാളിത്തങ്ങൾ. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയ നാലാമത്തെ താരം മെസ്സിയായിരുന്നു.കൂടെ രണ്ട് കിരീടങ്ങളും അവിടെ നേടി.മെസ്സി പിഎസ്ജിയിലും മോശമാക്കിയിട്ടില്ല എന്നർത്ഥം. അമേരിക്കയിലും മികച്ച പ്രകടനം ഇപ്പോൾ മെസ്സി നടത്തുന്നു.

ചുരുക്കത്തിൽ അർജന്റീനക്ക് വേണ്ടിയും പിഎസ്ജിക്ക് വേണ്ടിയും തകർപ്പൻ പ്രകടനം നടത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ആകെ 42 ഗോളുകളും 26 അസിസ്റ്റുകളും ആണ് മെസ്സി കഴിഞ്ഞ സീസണിൽ നേടിയിട്ടുള്ളത്.മെസ്സി എട്ടാമത് ബാലൺഡി’ഓർ അർഹിക്കുന്നു എന്നാണ് ഇവർ പറഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *