സെർജിയോ റൊമേറോ അർജന്റൈൻ ടീമിലേക്ക് മടങ്ങിയെത്തുമോ? പ്രതികരിച്ച് സ്കലോണി.
2026 വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനാണ് അർജന്റീന നാളെ ഇറങ്ങുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിലാണ് ഏറ്റുമുട്ടുക.അർജന്റീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.വിജയിച്ചുകൊണ്ട് 3 വിലപ്പെട്ട പോയിന്റുകൾ കരസ്ഥമാക്കുക എന്നുള്ളതായിരിക്കും അർജന്റീനയുടെ ലക്ഷ്യം.
ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്നേ ഒരു റൂമർ പുറത്തേക്ക് വന്നിരുന്നു. അതായത് സൂപ്പർ ഗോൾകീപ്പറായ സെർജിയോ റൊമേറോ അർജന്റീന ദേശീയ ടീമിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു റൂമർ. 2014 വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി വീരോചിതപ്രകടനം നടത്തിയ റൊമേറോ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മാത്രമല്ല അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന് വേണ്ടി ഇപ്പോൾ തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. അതുകൊണ്ടുതന്നെ അർജന്റീന ദേശീയ ടീമിൽ അദ്ദേഹം മടങ്ങിയെത്തുമെന്ന റൂമർ വളരെയധികം വ്യാപകമായിരുന്നു.
പക്ഷേ പരിശീലകൻ സ്കലോണി അദ്ദേഹത്തിന്റെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് ഇനി മടങ്ങിയെത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് സ്കലോണി ഇപ്പോൾ മറുപടി പറഞ്ഞിട്ടുണ്ട്.എല്ലാവർക്ക് മുന്നിലും അർജന്റീന ദേശീയ ടീമിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
¿Chiquito Romero tiene chances de ser convocado nuevamente a la selección Argentina?
— Leandro Aguilera (@Tato_Aguilera) September 6, 2023
Lionel Scaloni lo respondió en la conferencia de prensa: pic.twitter.com/tmTMvY8Y6r
“റൊമേറോ ഞങ്ങളോടൊപ്പം തന്നെയുണ്ട്. ഞങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.ദേശീയ ടീമിന്റെ ഹിസ്റ്ററിയുടെ ഭാഗമാണ് അദ്ദേഹം.മാത്രമല്ല ഇപ്പോഴും അദ്ദേഹം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഞങ്ങൾ പരിഗണിക്കുന്ന ഗോൾ കീപ്പർമാരിൽ ഒരാളാണ് അദ്ദേഹം. പക്ഷേ ഇപ്പോൾ ടീമിലുള്ള ഗോൾ കീപ്പർമാരിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. എന്നിരുന്നാലും നല്ല രീതിയിൽ കളിക്കുന്ന ഗോൾകീപ്പർമാർ ദേശീയ ടീമിൽ ഇടം നേടാൻ സാധിക്കും. അത്തരത്തിലുള്ള സാഹചര്യങ്ങളെ തള്ളിക്കളയാനാവില്ല. എല്ലാവർക്ക് മുന്നിലും അർജന്റീന നാഷണൽ ടീമിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ് ” സ്കലോണി പറഞ്ഞു.
2008 മുതൽ 2018 വരെയാണ് അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി റൊമേറോ ഗോൾവല കാത്തിട്ടുള്ളത്.ആകെ 96 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.