രണ്ട് ഗോളടിച്ച് ഹീറോയായി,എന്നിട്ടും നുനസ് ഹാപ്പിയാവാത്തതിന്റെ കാരണം പറഞ്ഞ് ക്ലോപ്.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ലിവർപൂളിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ലിവർപൂൾ 10 പേരുമായാണ് കളിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ ഡാർവിൻ നുനസ് നേടിയ രണ്ടു ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്.

പകരക്കാരനായി വന്നുകൊണ്ടായിരുന്നു നുനസ് ലിവർപൂളിന്റെ ഹീറോയായത്. രണ്ട് ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് എത്തിച്ചിട്ടും നുനസ് ഹാപ്പിയല്ല എന്നുള്ള കാര്യം പരിശീലകനായ ക്ലോപ് ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിക്കാത്തതിനാലാണ് നുനസ് ഇപ്പോൾ ഹാപ്പിയല്ലാത്തത്. ഇതേക്കുറിച്ച് ക്ലോപ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും എനിക്ക് അത് മനസ്സിലാവും.അദ്ദേഹം ഹാപ്പിയല്ല. പക്ഷേ അദ്ദേഹത്തിന് കളിക്കാൻ സമയം ലഭിക്കും.അക്കാര്യത്തിൽ ആർക്കും സംശയങ്ങൾ വേണ്ട.ഞങ്ങൾക്ക് എല്ലാ താരങ്ങളെയും ആവശ്യമുണ്ട്. എല്ലാവരെയും കളിപ്പിക്കാനുള്ള ഒരു വഴി ഞങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.ഇതൊരു പുതിയ ടീമാണ്,പുതിയ താരങ്ങൾ ഉള്ള ടീം. അദ്ദേഹം രണ്ട് ഗോളുകൾ നേടി.അതെ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഈ കാര്യങ്ങളെയെല്ലാം ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകണം ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് ഇപ്പോൾ ലിവർപൂൾ നേടിയിട്ടുള്ളത്. ഈ മൂന്ന് മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ നുനസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇക്കാര്യത്തിൽ അസംതൃപ്തിയുണ്ട്. അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയാണ് ലിവർപൂളിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *