ബ്രസീലിയൻ സൂപ്പർ താരത്തിന് സൗദിയിലേക്ക് പോവണം,പിടിവിടാതെ കോച്ചും ക്ലബും!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലേക്ക് ചേക്കേറി കഴിഞ്ഞു. ബ്രസീലിന്റെ നിരവധി താരങ്ങളും ഇപ്പോൾ സൗദിയിൽ എത്തിയിട്ടുണ്ട്.റോബെർട്ടോ ഫിർമിനോ,ഫാബിഞ്ഞോ,അലക്സ് ടെല്ലസ് എന്നീ ബ്രസീലിയൻ താരങ്ങളൊക്കെ ഇനിമുതൽ സൗദി അറേബ്യയിലാണ് കളിക്കുക. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ സൗദി ക്ലബ്ബുകൾ ഉള്ളത്.

ബ്രസീലിയൻ സൂപ്പർ താരമായ വില്യൻ നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഇപ്പോൾ സൗദി അറേബ്യൻ ക്ലബ് ആയ അൽ ഷബാബ് മുന്നോട്ടു വന്നിട്ടുണ്ട്.അവർ വില്യന് ഒരു ഓഫർ നൽകുകയും അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതായത് സൗദിയിലേക്ക് പോകാൻ വില്യന് ഇപ്പോൾ താല്പര്യമുണ്ട്.

എന്നാൽ അദ്ദേഹത്തെ കൈവിടാൻ ഇപ്പോൾ ഫുൾഹാം ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ പരിശീലകനായ മാർക്കോ സിൽവയാണ് ഇതിന് തടസ്സം നിൽക്കുന്നത്. അദ്ദേഹത്തിന് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് വില്യൻ. അതുകൊണ്ടുതന്നെ അൽ ഷബാബ് നൽകിയ ഓഫർ ഫുൾഹാം നിരസിച്ചിട്ടുണ്ട്. പക്ഷേ കൂടുതൽ ബിഡുകൾ അൽ ശബാബ് നൽകിയേക്കും.എന്തെന്നാൽ ഈ താരവുമായി കരാറിൽ എത്താൻ ഈ സൗദി ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ വില്യൻ ഫുൾഹാമിൽ എത്തിയത്. മോശമല്ലാത്ത രൂപത്തിൽ അവർക്ക് വേണ്ടി ഈ സൂപ്പർ താരം കളിച്ചിട്ടുണ്ട്.അതിനുമുൻപ് തന്റെ ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിലേക്ക് അദ്ദേഹം മടങ്ങിയെങ്കിലും അവിടുത്തെ ജീവിതം ദുസഹമായതിനെ തുടർന്ന് പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങി എത്തുകയായിരുന്നു.ആഴ്സണൽ,ചെൽസി,ഷക്തർ തുടങ്ങിയ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ബ്രസീലിന്റെ നാഷണൽ ടീമിന് വേണ്ടി 70 മത്സരങ്ങൾ കളിച്ച ഈ സൂപ്പർ താരം 9 ഗോളുകളാണ് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *