മെസ്സിയുടെ വഴി പിന്തുടർന്ന് മിയാമിലെത്തിയ അഞ്ച് താരങ്ങൾ!

ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള കൂടമാറ്റം വലിയ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്.വലിയ ശ്രദ്ധയാണ് ഇപ്പോൾ ഇന്റർ മിയാമിക്കും അതുപോലെതന്നെ അമേരിക്കൻ ഫുട്ബോളിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കിടിലൻ തുടക്കം മെസ്സിക്ക് അമേരിക്കയിൽ ലഭിച്ചിട്ടുണ്ട്.മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്. മെസ്സി കളിച്ച മൂന്നു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിക്കുകയും ചെയ്തു.

ഏതായാലും ലയണൽ മെസ്സി എത്തിയതിനു പിന്നാലെ 5 താരങ്ങൾ കൂടി ഇന്റർ മിയാമിയിൽ എത്തിയിട്ടുണ്ട്. ലയണൽ മെസ്സിയുടെ സുഹൃത്തുക്കള കൂടാതെ അർജന്റീനയിൽ നിന്നുള്ള യുവ പ്രതിഭകളെയും സ്വന്തമാക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടുണ്ട്.സെർജിയോ ബുസ്ക്കെറ്റ്സിനെയാണ് മെസ്സിക്ക് ശേഷം ആദ്യമായി കൊണ്ട് ഇന്റർ മിയാമി ടീമിലേക്ക് എത്തിച്ചത്. കൂടാതെ ഇരുവരുടെയും സുഹൃത്തായ ജോർഡി ആൽബയും മിയാമിയിൽ എത്തി. രണ്ടുപേരും എഫ്സി ബാഴ്സലോണയിൽ നിന്നും ഫ്രീ ഏജന്റായവരാണ്.

മറ്റൊരു താരം ഫകുണ്ടോ ഫാരിയാസാണ്. 20 വയസ്സ് മാത്രമുള്ള ഇദ്ദേഹം അർജന്റൈൻ താരമാണ്.കോളോൺ എന്ന ക്ലബ്ബിൽ നിന്നാണ് അദ്ദേഹത്തെ അഞ്ചു മില്യൺ ഡോളറിന് ഇന്റർ മിയാമി സ്വന്തമാക്കിയിട്ടുള്ളത്.16 ഗോളുകളും ഒമ്പത് അസിസ്റ്റുകളും അവർക്ക് വേണ്ടി താരം നേടിയിട്ടുണ്ട്. മറ്റൊരു താരം ഡിയഗോ ഗോമസാണ്. 20 വയസ്സുള്ള ഈ മിഡ്ഫീൽഡർ പരാഗ്വൻ താരമാണ്.

ഈ താരങ്ങളെ കൂടാതെ തോമസ് അവിയെസിനെയും ഇന്റർ മിയാമി സ്വന്തമാക്കിയിട്ടുണ്ട്. 19കാരനായ ഈ സെന്റർ ബാക്ക് അർജന്റൈൻ ക്ലബ്ബായ റേസിങ്ങിൽ നിന്നാണ് വരുന്നത്.കോപ ലിബർട്ടഡോറസിൽ നാല് മത്സരങ്ങൾ ഈ അർജന്റൈൻ താരം കളിച്ചിട്ടുണ്ട്. ഏതായാലും കൂടുതൽ താരങ്ങൾ മിയാമിയിലേക്ക് എത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.സുവാരസ്‌ ഉൾപ്പെടെയുള്ളവരെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്റർ മിയാമി നടത്തുന്നുണ്ട്. ലയണൽ മെസ്സിയും കൂട്ടരും വന്നതോടുകൂടി തകർപ്പൻ പ്രകടനമാണ് മിയാമി ഇപ്പോൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *