മെസ്സിയുടെ ജേഴ്‌സിയുമായി ചിരിച്ചുകൊണ്ടുള്ള പോസ്,ക്രൂസ് അസൂൾ താരങ്ങളെ വിമർശിച്ച് മുൻ അർജന്റൈൻ താരം!

ഇന്നലെ ലീഗ്സ് കപ്പിൽ നടന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂൾ ഇന്റർ മിയാമിയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മിയാമി ഈ മെക്സിക്കൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ലയണൽ മെസ്സി ഇന്റർ മിയാമിയുടെ വിജയ നായകനാവുകയായിരുന്നു.ഫ്രീകിക്കിലൂടെയാണ് മെസ്സി ഇന്റർ മിയാമിയുടെ വിജയഗോൾ നേടിയത്.

ഈ മത്സരത്തിനു ശേഷം ക്രൂസ് അസൂൾ താരങ്ങളായ ക്രിസ്റ്റ്യൻ റോട്ടോണ്ടിയും അഗുസ്‌റ്റോ ലോട്ടിയും ലയണൽ മെസ്സിയുടെ ജേഴ്‌സി കൈപ്പറ്റിയിരുന്നു. അതിനുശേഷം രണ്ടു പേരും ഈ ജേഴ്സിയുമായി ചിരിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ഇതിനെതിരെ വിമർശനവുമായി മുൻ അർജന്റൈൻ താരമായിരുന്ന ഇമ്മാനുവൽ വിയ്യ രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് ക്രൂസ് അസൂളിന് വേണ്ടി 107 മത്സരങ്ങൾ കളിക്കുകയും 54 ഗോളുകൾ നേടുകയും ചെയ്തിട്ടുള്ള താരമാണ് വിയ്യ. അദ്ദേഹം തന്റെ ട്വിറ്ററിൽ ഇതിനെ വിമർശിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” ഒരു അമൂല്യമായ വസ്തു ലഭിക്കാനുള്ള അവരുടെ ഏക അവസരമാണ് അത് എന്നത് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ ഇതിൽ സ്പോർട്ടിംഗ് ഷെയിം എവിടെ? എങ്ങനെയാണ് നിങ്ങൾക്ക് ചിരിച്ചുകൊണ്ട് പോസ് ചെയ്യാൻ സാധിക്കുന്നത്? എനിക്കത് മനസ്സിലാകുന്നില്ല ” ഇതാണ് വിയ്യ തന്റെ ട്വിറ്ററിൽ കുറിച്ചിട്ടുള്ളത്.

ഏതായാലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഇന്റർമിയാമി വിജയിക്കുന്നത്. ഇനി ഇന്റർ മിയാമി തങ്ങളുടെ അടുത്ത മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനെയാണ് നേരിടുക. വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് ഈ മത്സരം നടക്കുക.ലീഗ്സ് കപ്പിൽ തന്നെയാണ് ഈ മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *