ഫിർമിനോ,ടെല്ലസ് എന്നിവർക്ക് പുറമേ മറ്റൊരു ബ്രസീലിയൻ സൂപ്പർതാരവും സൗദിയിലേക്ക്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയിക്കൊണ്ട് നിലകൊള്ളുന്നത് സൗദി അറേബ്യൻ ക്ലബ്ബുകൾ തന്നെയാണ്. നിരവധി സൂപ്പർതാരങ്ങളെയാണ് ആകർഷകമായ ഓഫറുകൾ നൽകിക്കൊണ്ട് അവർ യൂറോപ്പിൽ നിന്നും സ്വന്തമാക്കിയത്. ബ്രസീലിയൻ സൂപ്പർ താരമായ റോബെർട്ടോ ഫിർമിനോ ഇനി അൽ അഹ്ലിക്ക് വേണ്ടിയും മറ്റൊരു സൂപ്പർതാരമായ അലക്സ് ടെല്ലസ് ഇനി അൽ നസ്റിന് വേണ്ടിയുമാണ് കളിക്കുക.

ഈ രണ്ട് താരങ്ങൾക്ക് പുറമേ മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ഫാബിഞ്ഞോയും സൗദിയിലേക്ക് ചേക്കേറുകയാണ്.കരിം ബെൻസിമയുടെയും എങ്കോളോ കാന്റെയുടെയും ക്ലബ്ബായ അൽ ഇത്തിഹാദാണ് ഈ താരത്തെ സ്വന്തമാക്കുന്നത്. ഈ ക്ലബ്ബുമായി ഫാബിഞ്ഞോ പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞു. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന് വേണ്ടിയാണ് ഫാബിഞ്ഞോ കളിച്ചുകൊണ്ടിരിക്കുന്നത്. 40 മില്യൺ പൗണ്ടാണ് താരത്തിന്റെ ട്രാൻസ്ഫർ ഫീ ആയികൊണ്ട് ലിവർപൂളിന് ലഭിക്കുക.ജർമനിയിലാണ് ലിവർപൂൾ പ്രീ സീസൺ ഒരുക്കങ്ങൾ നടത്തുന്നത്. എന്നാൽ ഈ സൂപ്പർതാരം ടീമിനൊപ്പം ജർമ്മനിയിലെത്തിയിരുന്നില്ല.2026 വരെയാണ് അദ്ദേഹത്തിന് ലിവർപൂളുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. കഴിഞ്ഞ സീസണിൽ 49 മത്സരങ്ങൾ അദ്ദേഹം ലിവർപൂളിന് വേണ്ടി കളിച്ചിട്ടുണ്ട്.

എന്നാൽ ഈ ക്ലബ്ബിൽ അടുത്ത സീസണിൽ അവസരങ്ങൾ കുറവായിരിക്കും എന്നാണ് താരം പ്രതീക്ഷിക്കുന്നത്.അതുകൊണ്ടാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുള്ളത്. ലിവർപൂളിന് വേണ്ടി ആകെ 219 മത്സരങ്ങൾ കളിച്ച ഈ താരം 11 ഗോളുകളും 6 കിരീടങ്ങളും നേടിയിട്ടുണ്ട്.ബ്രസീലിയൻ ടീമിൽ ഇപ്പോൾ ഈ താരത്തിന് അവസരങ്ങൾ ലഭിക്കാറില്ല. ഇതുകൊണ്ടൊക്കെയാണ് അദ്ദേഹം യൂറോപ്പ് വിട്ട് സൗദിയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *