മഗ്വയ്റെ ചെൽസിക്ക് വേണം, മറ്റൊരു ക്ലബ്ബിന്റെ ലോൺ ഓഫർ നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്!

85 മില്യൺ പൗണ്ടെന്ന ലോക റെക്കോർഡ് തുകക്കായിരുന്നു സൂപ്പർ താരം ഹാരി മഗ്വയ്ർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.പിന്നാലെ അദ്ദേഹത്തിന് ക്ലബ്ബ് ക്യാപ്റ്റൻ സ്ഥാനവും നൽകി. എന്നാൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹം പിന്നീട് നടത്തിയത്.അതുകൊണ്ടുതന്നെ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗ് അദ്ദേഹത്തെ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരുത്തുകയായിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനവും ഇപ്പോൾ യുണൈറ്റഡ് എടുത്തുമാറ്റിയിട്ടുണ്ട്. അടുത്ത സീസണിൽ പുതിയ ക്യാപ്റ്റനായിരിക്കും യുണൈറ്റഡിനെ നയിക്കുക. മാത്രമല്ല ഡിഫൻഡറെ ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്.50 മില്യൺ പൗണ്ടാണ് അദ്ദേഹത്തിന്റെ വിലയായി കൊണ്ട് നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാം യുണൈറ്റഡ് അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

അവർ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഒരു ഓഫർ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ഓഫർ യുണൈറ്റഡ് തങ്ങൾക്ക് സ്വീകാര്യമല്ലാത്തതുകൊണ്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ഹാരി മഗ്വയ്റിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂലിബലി,ആസ്പിലിക്യൂട്ട എന്നീ രണ്ട് ഡിഫൻഡർമാർ ചെൽസിയോട് വിട പറഞ്ഞിരുന്നു. അവരുടെ സ്ഥാനത്തേക്കാണ് ഇപ്പോൾ മഗ്വയ്റെ ചെൽസി പരിഗണിക്കുന്നത്.എന്നാൽ അവർ ഓഫറുകൾ ഒന്നും നൽകിയിട്ടില്ല. അതേസമയം ഈ ക്ലബ്ബുകളെ കൂടാതെ ടോട്ടൻഹാം,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരൊക്കെ ഈ ഡിഫൻഡറിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വലിയ പുരോഗതിയില്ല.മഗ്വയ്ർക്ക് മുന്നിലുള്ള മറ്റൊരു ഓപ്ഷൻ സൗദി അറേബ്യയാണ്. റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ, മറ്റൊരു ക്ലബ്ബായ അൽ ഹിലാൽ എന്നിവർക്ക് ഈ ഡിഫൻഡറിൽ താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *