പെപ് എന്നെ കരയിപ്പിച്ചു, അതുകൊണ്ടാണ് സിറ്റി വിട്ടത് : തുറന്നുപറഞ്ഞ് ഗബ്രിയേൽ ജീസസ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റി വിട്ടത്. അഞ്ച് വർഷക്കാലം സിറ്റിയിൽ ചിലവഴിച്ച ജീസസ് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിലേക്കാണ് ചേക്കേറിയത്.എന്തുകൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി വിട്ടത് എന്നുള്ളതിന്റെ കാരണങ്ങൾ ഇപ്പോൾ ജീസസ് പറഞ്ഞിട്ടുണ്ട്. സിറ്റിയുടെ പരിശീലകനായ പെപ് തന്നെ കരയിപ്പിച്ചുവെന്നും അതുകൊണ്ടാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത് എന്നുമാണ് ജീസസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“പിഎസ്ജിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പെപ് ഗാർഡിയോള നമ്പർ നയൻ പൊസിഷനിൽ സിൻചെങ്കോയെയാണ് നിയമിച്ചത്. എന്നെ പുറത്തിരുത്തുകയാണ് അദ്ദേഹം ചെയ്തത്. ആ മത്സരത്തിന്റെ തലേദിവസം സ്ട്രൈക്കറായി കൊണ്ട് സിൻചെങ്കോയെ കളിപ്പിച്ചിട്ട് പോലുമില്ലായിരുന്നു.പരിശീലനത്തിൽ എന്നെയായിരുന്നു അദ്ദേഹം കളിപ്പിച്ചിരുന്നത്.എന്നിട്ട് സിൻചെങ്കോ എന്നെ പരിഹസിക്കുക പോലും ചെയ്തു.
മത്സരത്തിന്റെ 2 മണിക്കൂർ മുമ്പ് ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് പെപ് ടീം ലൈനപ്പ് പറഞ്ഞത്.ഞാൻ ഭക്ഷണം കഴിച്ചില്ല. മറിച്ച് റൂമിൽ പോയി ഇരുന്ന് കരഞ്ഞു. എന്റെ അമ്മയെ വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു എനിക്ക് ക്ലബ്ബ് വിടണം എന്നുള്ളത്. എന്നെ അവിടെ കളിപ്പിക്കാതെ ഒരു ലെഫ്റ്റ് ബാക്ക് താരത്തെയാണ് അദ്ദേഹം അവിടെ കളിപ്പിച്ചത്.എംബപ്പേ ഗോൾ നേടിയതിനു പിന്നാലെ പെപ് എന്നെ കളിക്കളത്തിലേക്ക് ഇറക്കി. ഞാൻ ഗോളും അസിസ്റ്റും നേടി.മത്സരത്തിൽ ഞങ്ങൾ വിജയിച്ചു. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലീപ്സിഗിനെതിരെ എന്നെ അദ്ദേഹം കളിപ്പിക്കുമെന്ന് പ്രതീക്ഷിച്ചു.
Gabriel Jesus explained how Pep Guardiola made him want to leave Manchester City 🗣️ pic.twitter.com/Hyc1EhvjBC
— ESPN FC (@ESPNFC) July 6, 2023
പക്ഷേ അവിടെയും എന്നെ അദ്ദേഹം കളിപ്പിച്ചില്ല. പുറത്തിരുത്തി.അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത എന്നത് എളുപ്പമുള്ള കാര്യമല്ല.നമ്മുടെ കളി മെച്ചപ്പെടുത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്.എനിക്ക് കൂടുതലൊന്നും പറയാനില്ല. ഞാൻ ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു ” ഇതാണ് ഗബ്രിയേൽ ജീസസ് പറഞ്ഞിട്ടുള്ളത്.
2017ലായിരുന്നു ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിൽ നിന്നും ജീസസ് സിറ്റിയിൽ എത്തിയത്.പതിനൊന്ന് കിരീടങ്ങൾ അവിടെ നിന്നും നേടിയിട്ടുണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 11 ഗോളുകളും 7 അസിസ്റ്റുകളും ഈ താരം ആഴ്സണലിന് വേണ്ടി സ്വന്തമാക്കിയിരുന്നു.