പിഎസ്ജി വിട്ട റാമോസ് ലാലിഗയിലേക്ക് തന്നെ മടങ്ങിയെത്തുന്നു!

2021ലായിരുന്നു സെർജിയോ റാമോസ് റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ് ഈ സൂപ്പർതാരത്തെ സ്വന്തമാക്കിയത്. എന്നാൽ പ്രതീക്ഷക്കൊത്ത് ഉയരാൻ റാമോസിന് സാധിക്കാതെ പോവുകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല.

അടുത്ത സീസണിലേക്ക് ഒരു പുതിയ ക്ലബ്ബിനെ ഇപ്പോൾ സെർജിയോ റാമോസിന് ആവശ്യമാണ്.അദ്ദേഹം ലാലിഗയിലേക്ക് തന്നെ മടങ്ങിയെത്താനാണ് ആഗ്രഹിക്കുന്നത്. മുമ്പ് ലാലിഗ ക്ലബ്ബായ സെവിയ്യക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.സെവിയ്യയിലൂടെയായിരുന്നു താരം വളർന്നിരുന്നത്. മാത്രമല്ല അവരുടെ സീനിയർ ടീമിന് വേണ്ടി രണ്ട് സീസണുകൾ കളിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു റയൽ മാഡ്രിഡിൽ എത്തിയത്.

സെവിയ്യയിലേക്ക് തന്നെ മടങ്ങാനാണ് ഇപ്പോൾ സെർജിയോ റാമോസ് ആഗ്രഹിക്കുന്നത്. പക്ഷേ താരത്തെ സെവിയ്യ തിരിച്ചെത്തിക്കുമോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്. എന്തെന്നാൽ അഞ്ച് സെന്റർ ബാക്കുമാർ ഇപ്പോൾ തന്നെ ക്ലബ്ബിലുണ്ട്.ഫ്രീ ഏജന്റാണങ്കിലും റാമോസിന്റെ പ്രായം ഒരു പ്രശ്നം തന്നെയാണ്. റാമോസിന് തിരികെ എത്താൻ ആഗ്രഹമുണ്ടെങ്കിലും ക്ലബ്ബ് കൂടി ഈ വിഷയത്തിൽ അനുകൂല തീരുമാനം എടുക്കേണ്ടതുണ്ട്.

16 വർഷക്കാലം റയൽ മാഡ്രിഡിൽ ചിലവഴിച്ച താരമാണ് സെർജിയോ റാമോസ്. 22 കിരീടങ്ങൾ അദ്ദേഹം ക്ലബ്ബിനോടൊപ്പം നേടിയിട്ടുണ്ട്.സൗദി അറേബ്യൻ ക്ലബ്ബുകൾക്ക് താരത്തിൽ താല്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ അതിലൊന്നും ഇതുവരെ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല.ഏതായാലും അടുത്ത സീസണിൽ റാമോസ് ഏത് ക്ലബ്ബിൽ കളിക്കും എന്നത് ആരാധകർക്ക് ആകാംക്ഷ ഉളവാക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *