ഒഫീഷ്യൽ,യുവേഫ ചാമ്പ്യൻസ് ലീഗ് ആരംഭിച്ചു!

കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഇന്റർമിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു സിറ്റി കിരീടം നേടിയത്. റോഡ്രിയായിരുന്നു വിജയ ഗോളിന്റെ ഉടമയായത്. കന്നി ചാമ്പ്യൻസ് ലീഗ് കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്.

ഇപ്പോഴിതാ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് ഒഫീഷ്യലായി കൊണ്ട് തുടക്കമായിരിക്കുന്നു. പ്രിലിമിനറി റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞദിവസം ആരംഭിച്ചിട്ടുള്ളത്.ഐസ്ലാൻഡിലാണ് ഈ മത്സരങ്ങൾ ആരംഭിച്ചിട്ടുള്ളത്. നാല് ടീമുകൾ പങ്കെടുക്കുന്ന പ്രിലിമിനറി റൗണ്ടിൽ അന്റോറ, ഐസ്ലാൻഡ്,മോന്റെനെഗ്രോ,സാൻ മരിനോ എന്നീ രാജ്യങ്ങളിലെ ചാമ്പ്യന്മാർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മിനി ടൂർണമെന്റിലെ വിജയികളാണ് പിന്നീട് ആദ്യത്തെ ക്വാളിഫൈ റൗണ്ടിലേക്ക് യോഗ്യത നേടുക.

ജൂലൈ 11,12,18,19 എന്നീ തീയതികളിൽ ആണ് ഫസ്റ്റ് റൗണ്ട് യോഗ്യത മത്സരങ്ങൾ നടക്കുക. ജൂലൈ 25,26, ഓഗസ്റ്റ് 1, 2 എന്നീ തീയതികളിലാണ് രണ്ടാം റൗണ്ട് യോഗ്യത മത്സരങ്ങൾ അരങ്ങേറുക. ഓഗസ്റ്റ് 8,9,15 എന്നീ തീയതികളിലാണ് മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങൾ നടക്കുക. അതിനുശേഷം ഓഗസ്റ്റ് 22,23,29, 30 എന്നീ തീയതികളിലാണ് പ്ലേ റൗണ്ട് മത്സരങ്ങൾ നടക്കുക.അതിൽ വിജയിക്കുന്നവരാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുക. ഓഗസ്റ്റ് 31 ആം തീയതി ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടക്കുകയും ചെയ്യും.

ഒട്ടുമിക്ക പ്രധാനപ്പെട്ട ക്ലബ്ബുകളും അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ,ചെൽസി എന്നിവർക്ക് യോഗ്യത നേടാനായിട്ടില്ല.മാഞ്ചസ്റ്റർ സിറ്റി,ആഴ്സണൽ,ന്യൂകാസിൽ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *