പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോക്കും പുതിയ ബോഡിഗാർഡായി!

കഴിഞ്ഞ യൂറോ യോഗ്യത മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ ഐസ്ലാൻഡ് ആയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആ മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ രക്ഷയ്ക്ക് എത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ താരം നേടിയ ഗോൾ പോർച്ചുഗലിനെ വിജയം സമ്മാനിക്കുകയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയുള്ള 200ആം മത്സരമായിരുന്നു ഇത്. 123 ഗോളുകൾ അദ്ദേഹം പോർച്ചുഗലിന് വേണ്ടി പൂർത്തിയാക്കുകയും ചെയ്തു. മത്സരത്തിന്റെ 89ആം മിനിട്ടിലായിരുന്നു റൊണാൾഡോ ഈ ഗോൾ നേടിയത്. ഈ ഗോൾ റൊണാൾഡോ ആഘോഷിക്കുന്ന വേളയിൽ ഒരു അസാധാരണമായ സംഭവം നടന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ആരാധകൻ മൈതാനത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു ആരാധകൻ ഓടിയെത്തിയിരുന്നത്. എന്നാൽ ആരാധകൻ റൊണാൾഡോയുടെ അടുത്ത് എത്തുന്നതിനു മുന്നേ പോർച്ചുഗലിന്റെ ഡിഫൻഡറായ റൂബൻ ഡയസ് ആരാധകനെ പിടിച്ചു വെക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഡയസ് ഈ ആരാധകനെ കൈമാറുകയും ചെയ്തു.ക്രിസ്റ്റ്യാനോ എന്ന ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ആരാധകന് സാധിച്ചിരുന്നില്ല.

ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ ലഭ്യമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ബോഡിഗാർഡാണ് റൂബൻ ഡയസ് എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അർജന്റീന ദേശീയ ടീമിൽ ലയണൽ മെസ്സിയുടെ ബോഡിഗാർഡ് ആയികൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് റോഡ്രിഗോ ഡി പോൾ. ഇപ്പോൾ ക്രിസ്റ്റ്യാനോക്കും നാഷണൽ ടീമിൽ ഒരു ബോഡിഗാർഡിനെ ലഭിച്ചു എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *