പിഎസ്ജി വിട്ട് പ്രീമിയർ ലീഗിലേക്ക് പോവൂ: നെയ്മർക്ക് ഉപദേശവുമായി പിഎസ്ജിക്ക് വേണ്ടി കളിച്ച ബ്രസീലിയൻ താരം!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരത്തെ ഒഴിവാക്കാൻ പിഎസ്ജി ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് മാത്രമല്ല നെയ്മറും ക്ലബ്ബ് വിടാൻ ഇപ്പോൾ താല്പര്യപ്പെടുന്നുണ്ട്. പക്ഷേ പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ലൂയിസ് എൻറിക്കെ വരികയാണെങ്കിൽ നെയ്മർ ഒരുപക്ഷേ പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചേക്കും.

2013 മുതൽ 2018 വരെ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ സൂപ്പർതാരമാണ് ലുകാസ് മൗറ. പിന്നീട് അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന് വേണ്ടിയും കളിച്ചിരുന്നു.ലുകാസ് മൗറ ഇപ്പോൾ നെയ്മർ ജൂനിയർക്ക് ഒരു ഉപദേശം നൽകിയിട്ടുണ്ട്. ഹാപ്പിയല്ലെങ്കിൽ പിഎസ്ജി വിടൂ എന്നും എന്നിട്ട് പ്രീമിയർ ലീഗിലേക്ക് പോവൂ എന്നുമാണ് ലുകാസ് മൗറ പറഞ്ഞിട്ടുള്ളത്. ഫ്രഞ്ച് മാധ്യമമായ എൽ എക്കുപ്പിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മൗറയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർ എന്താണോ ആഗ്രഹിക്കുന്നത് അതിനെ ആശ്രയിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഭാവി നിലകൊള്ളുന്നത്. ക്ലബ്ബിൽ അദ്ദേഹം നിലവിൽ എങ്ങനെ മുന്നോട്ടു പോകുന്നു എന്നുള്ളതിന് വലിയ പ്രാധാന്യമുണ്ട്. അദ്ദേഹം തന്റെ സഹതാരങ്ങളുമൊത്ത് പാരീസിൽ ഹാപ്പിയാണെങ്കിൽ തീർച്ചയായും ലീഗ് വൺ അദ്ദേഹത്തിന് ഇഷ്ടപ്പെടും. ഇനി അതല്ല അദ്ദേഹം പിഎസ്ജി വിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഹാപ്പി ആവില്ല. എനിക്ക് അദ്ദേഹത്തിന് നൽകാനുള്ള ഉപദേശം ഹാപ്പി അല്ലെങ്കിൽ പിഎസ്ജി വിടൂ എന്നത് തന്നെയാണ്. എന്നിട്ട് നെയ്മർ പ്രീമിയർ ലീഗിലേക്ക് പോകണം. വളരെ ഉയർന്ന തലത്തിലുള്ള ആവേശഭരിതമായ ലീഗാണ് പ്രീമിയർ ലീഗ് ” ഇതാണ് ലുക്കാസ് മൗറ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പിഎസ്ജിക്ക് വേണ്ടി നെയ്മർ ജൂനിയർ നടത്തിവന്നിരുന്നു. ലീഗ് വണ്ണിൽ ആകെ കളിച്ച 20 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 11 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിരുന്നു. പിന്നീട് പരിക്കുകൾ നെയ്മർക്ക് വില്ലനായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *