യുവേഫ നേഷൻസ് ലീഗ് ;ഓറഞ്ചിന്റെ തൊലിപൊളിച്ച് ക്രൊയേഷ്യ!
ഇന്നലെ നടന്ന യുവേഫ ലീഗ് നേഷൻസ് ലീഗ് ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ക്രൊയേഷ്യക്ക് വിജയം. മറ്റൊരു കരുത്തരായ ഹോളണ്ടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ക്രൊയേഷ്യ വിജയിച്ചിട്ടുള്ളത്. ജയത്തോടുകൂടി ഫൈനൽ പ്രവേശനം സാധ്യമാക്കാനും ഇപ്പോൾ ലുക്കാ മോഡ്രിച്ചിന്റെ സംഘത്തിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിന്റെ 34ആം മിനിട്ടിലാണ് ഹോളണ്ട് ആദ്യം ലീഡ് നേടിയത്. എന്നാൽ 55ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു.പിന്നീട് 72 മിനിറ്റിൽ മരിയോ പസലിച്ച് ഗോൾ നേടിയതോടുകൂടി ക്രൊയേഷ്യ മുന്നിലെത്തി. പക്ഷേ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ലാങ് നേടിയ ഗോളിലൂടെ ഹോളണ്ട് സമനില പിടിക്കുകയായിരുന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി.
Croatia book their place in Sunday's final 🇭🇷🥳#NationsLeague pic.twitter.com/QA5WxZLBaE
— UEFA EURO 2024 (@EURO2024) June 14, 2023
പക്ഷേ തുടക്കത്തിൽ തന്നെ പെറ്റ്കോവിച്ച് ഗോൾ നേടിക്കൊണ്ട് ക്രൊയേഷ്യക്ക് വീണ്ടും ലീഡ് നൽകി. പിന്നീട് 116ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് സൂപ്പർ താരം ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു. ഇറ്റലിയും സ്പെയിനും തമ്മിലാണ് ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ ഏറ്റുമുട്ടുക.ഈ മത്സരത്തിലെ വിജയികളും ക്രൊയേഷ്യയും തമ്മിലാണ് കലാശ പോരാട്ടത്തിൽ മാറ്റുരക്കുക.