ജോലിന്റൺ കളിച്ചേക്കും, ബ്രസീലിന്റെ സാധ്യത ഇലവൻ ഇതാ!
ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിക്കുക. ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ഗിനിയയാണ്. വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം ഒരുമണിക്ക് ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ബ്രസീൽ ഉള്ളത്. രണ്ടാമത്തെ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ സെനഗലാണ്.
ഒരു സ്ഥിര പരിശീലകൻ ഇല്ലാത്തതിനാൽ താൽക്കാലിക പരിശീലകനായ റാമോൺ മെനസസിന് കീഴിലാണ് ഇപ്പോൾ ബ്രസീൽ കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മത്സരത്തിൽ ബ്രസീൽ മൊറോക്കോയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ രണ്ട് സൗഹൃദ മത്സരങ്ങളിലും ബ്രസീലിനും വിജയം അനിവാര്യമാണ്.
ഗിനിയെക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലിന്റെ സാധ്യത ഇലവൻ എങ്ങനെയാവും എന്നുള്ളത് പ്രമുഖ മാധ്യമമായ ഗ്ലോബോ പുറത്തു വിട്ടിട്ടുണ്ട്. പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഇലവൻ ഇവർ കണ്ടെത്തിയിട്ടുള്ളത്. ഗോൾകീപ്പറായിക്കൊണ്ട് ആലിസൺ ബക്കർ തന്നെയായിരിക്കും. പ്രതിരോധനിരയിൽ സെന്റർ ബാക്കുമാരായിക്കൊണ്ട് എഡർ മിലിറ്റാവോ,മാർക്കിഞ്ഞോസ് എന്നിവരായിരിക്കും അണിനിരക്കുക.
Joelinton in training today 🥶pic.twitter.com/nlARj9TfgZ
— Brasil Football 🇧🇷 (@BrasilEdition) June 13, 2023
വിംഗ് ബാക്കുമാരായി കൊണ്ട് ഡാനിലോ,അലക്സ് ടെല്ലസ് എന്നിവരെ പരിശീലകൻ ഉൾപ്പെടുത്തിയേക്കും. മധ്യനിരയിലേക്ക് വന്നാൽ കാസമിറോ,പക്കേറ്റ എന്നിവർക്കൊപ്പം ജോലിന്റണും ഉണ്ടായിരിക്കും. പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനു വേണ്ടി സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് ജോലിന്റൻ നടത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിൽ വിനീഷ്യസ്,റോഡ്രിഗോ എന്നിവർക്കൊപ്പം റിച്ചാർലീസണായിരിക്കും ഇറങ്ങുക.ഇതാണ് ഇപ്പോൾ ലഭ്യമായ സാധ്യത ഇലവൻ.
ഒരുപക്ഷേ പക്കേറ്റയുടെ സ്ഥാനത്ത് ലുക്കാസ് വെയ്ഗയും അലക്സ് ടെല്ലസിന്റെ സ്ഥാനത്ത് അയ്ർടൻ ലുക്കാസും വരാനുള്ള സാധ്യതയുമുണ്ട്. സമീപകാലത്ത് മോശം ഫോമിലൂടെയാണ് ബ്രസീൽ കടന്നുപോകുന്നത്. അതിന് വിരാമം കുറിക്കാൻ ഈ മത്സരത്തിലൂടെ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.