മെസ്സിയും ബെൻസിമയും ക്ലബ് വിട്ടു : ലിവർപൂളിനോട് സൂക്ഷിക്കാൻ പറഞ്ഞ് ഇതിഹാസ താരം റോബി ഫൗളർ

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡിന് അവരുടെ പ്രധാനപ്പെട്ട താരമായ കരീം ബെൻസിമയെ നഷ്ടമായത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിലേക്ക് ബെൻസിമ ഇപ്പോൾ പോയിട്ടുള്ളത്. അതേസമയം ലയണൽ മെസ്സിയും തന്റെ ക്ലബ്ബായ പിഎസ്ജിയോട് വിട പറഞ്ഞിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ലയണൽ മെസ്സി ഇനിമുതൽ കളിക്കുക.

മെസ്സിയുടെ സ്ഥാനത്തേക്ക് ഒരു മികച്ച പകരക്കാരനെ പിഎസ്ജിക്ക് ആവശ്യമുണ്ട്. റയൽ മാഡ്രിഡിനും കരീം ബെൻസിമയുടെ സ്ഥാനത്തേക്ക് ഒരു സൂപ്പർതാരത്തെ ആവശ്യമുണ്ട്.ഈയൊരു അവസരത്തിൽ ഇതിഹാസമായ റോബി ഫൗളർ ലിവർപൂളിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് റയൽ മാഡ്രിഡും പിഎസ്ജിയും സലാക്ക് വേണ്ടി ശ്രമിക്കുമെന്നും അദ്ദേഹത്തെ സൂക്ഷിക്കണമെന്നുമാണ് ഫൗളർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ട്രാൻസ്ഫർ ജാലകത്തിൽ മുഹമ്മദ് സലാ പലരുടെയും ലക്ഷ്യമായി മാറിയേക്കാം.റയൽ മാഡ്രിഡും പിഎസ്ജിയും അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിച്ചാലും ഞാൻ അത്ഭുതപ്പെടില്ല.പിഎസ്ജി ഒരുപക്ഷേ അദ്ദേഹത്തെ ടീമിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിച്ചേക്കാം. പക്ഷേ നിലവിൽ ലിവർപൂൾ ആരാധകർക്ക് പേടി ഉണ്ടാവില്ല.കാരണം അദ്ദേഹത്തിന് ക്ലബ്ബുമായി വലിയ കരാർ തന്നെ അവശേഷിക്കുന്നുണ്ട്. പക്ഷേ പ്രീമിയർ ലീഗിൽ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്യാൻ സാധിക്കാത്തതിൽ സലാ കടുത്ത അസംതൃപ്തനാണ്. അത് അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്നും വളരെ വ്യക്തമാണ്.സലായുടെ കാര്യത്തിൽ ഒന്ന് സൂക്ഷിക്കേണ്ടി വന്നേക്കും ” ഇതാണ് ഫൗളർ പറഞ്ഞിട്ടുള്ളത്.

2025 വരെയാണ് സലാക്ക് ലിവർപൂളുമായി കരാർ അവശേഷിക്കുന്നത്.305 മത്സരങ്ങളാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി ആകെ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 186 ഗോളുകൾ താരം നേടിയിട്ടുണ്ട്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാത്തത് സലായെ അസംതൃപ്തനാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *