നെയ്മറെ ആ ക്ലബ്ബിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും: സഹോദരിയുടെ ഉറപ്പ്.

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടാനുള്ള സാധ്യതകൾ ഏറെയാണ്. നെയ്മറെ നിലനിർത്താൻ ഇപ്പോൾ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. ക്ലബുമായും ആരാധകരുമായും അത്ര നല്ല സ്വരച്ചേർച്ചയിലല്ല നെയ്മർ ജൂനിയർ ഉള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹവും ക്ലബ്ബ് വിടാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ നെയ്മർക്ക് ആഗ്രഹമുണ്ട്. കൂടാതെ മറ്റു പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവർക്ക് നെയ്മറിൽ താല്പര്യമുണ്ട്. ഇതിനിടെ നെയ്മറുടെ സഹോദരിയായ റഫയേല സാന്റോസ് ഒരു ഉറപ്പ് ആരാധകർക്ക് നൽകിയിട്ടുണ്ട്. അതായത് നെയ്മറെ ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയിലേക്ക് എത്തിക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നാണ് അവരുടെ ആരാധകർക്ക് ഉറപ്പുനൽകിയിട്ടുള്ളത്.കനാൽ ഡോ TF എന്ന മാധ്യമത്തോട് റഫയേല പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മറെ ബോട്ടഫോഗോയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കും.ഞാൻ അതിനു വേണ്ടി പരമാവധി ശ്രമിക്കുക തന്നെ ചെയ്യും. നെയ്മർ അവിടെ എത്തിക്കഴിഞ്ഞാൽ അത് എന്നെ സംബന്ധിച്ചിടത്തോളവും അതുപോലെതന്നെ ബോട്ടഫോഗോ ആരാധകരെ സംബന്ധിച്ചിടത്തോളവും വളരെയധികം സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമായിരിക്കും. ഞാൻ വളരെ ശാന്തമായി കൊണ്ട് അദ്ദേഹത്തോട് ഇക്കാര്യം സംസാരിക്കും. തീർച്ചയായും ഞാൻ വളരെയധികം സ്ട്രോങ്ങാണ് “ഇതാണ് നെയ്മറുടെ സഹോദരി പറഞ്ഞിട്ടുള്ളത്.

നെയ്മർ ജൂനിയർ ഉടൻ തന്നെ യൂറോപ്പ് വിടില്ല എന്നുള്ളത് വ്യക്തമായ കാര്യമാണ്. ചുരുങ്ങിയത് അടുത്ത വേൾഡ് കപ്പ് വരെയെങ്കിലും നെയ്മർ യൂറോപ്പിൽ തന്നെയുണ്ടാവും.ഇനി നെയ്മർ ബ്രസീലിലേക്ക് മടങ്ങാൻ തീരുമാനിച്ചാലും തന്റെ മുൻ ക്ലബ്ബായ സാന്റോസിലെക്കായിരിക്കും നെയ്മർ മടങ്ങിയെത്തുക. സാൻഡോസിലേക്ക് തിരിച്ചെത്താൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം നെയ്മർ ജൂനിയർ ഈയിടെ നേരിട്ട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *