ബുസ്ക്കെറ്റ്സിന്റെ സ്ഥാനത്തേക്ക് ബ്രസീലിയൻ സൂപ്പർതാരത്തെ എത്തിക്കാൻ ബാഴ്സ!
ഈ സീസണിന് ശേഷം താൻ എഫ്സി ബാഴ്സലോണയുടെ ജേഴ്സിയിൽ ഉണ്ടാവില്ല എന്ന കാര്യം അവരുടെ ഇതിഹാസതാരമായ സെർജിയോ ബുസ്ക്കെറ്റ്സ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 18 വർഷത്തെ ബാഴ്സ കരിയറിനാണ് ബുസ്ക്കെറ്റ്സ് വിരാമം കുറിക്കുന്നത്. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള താരമാണ് ബുസ്ക്കെറ്റ്സ്.
വർഷങ്ങളോളം ബാഴ്സയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ റോൾ സെർജിയോ ബുസ്ക്കെറ്റ്സിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഇനി അദ്ദേഹത്തിന്റെ പകരക്കാരനെ ബാഴ്സക്ക് ആവശ്യമുണ്ട്. ആ കൂട്ടത്തിലേക്ക് ബാഴ്സ ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ബ്രൂണോ ഗിമിറസിനെ പരിഗണിക്കുന്നുണ്ട്. പ്രമുഖ മാധ്യമമായ AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സെൻട്രൽ മിഡ്ഫീൽഡർ റോളിലാണ് ബ്രൂണോ ഗിമിറസ് പ്രധാനമായും കളിക്കാറുള്ളത്. എന്നിരുന്നാലും മധ്യനിര ശക്തിപ്പെടുത്തുക എന്നതാണ് ബാഴ്സയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി കൊണ്ടാണ് ഈ ബ്രസീലിയൻ സൂപ്പർതാരത്തെ നോട്ടമിട്ടിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിലോ അതല്ലെങ്കിൽ അടുത്ത ട്രാൻസ്ഫർ വിൻഡോയിലോ താരത്തെ സ്വന്തമാക്കാനാണ് ബാഴ്സ ആഗ്രഹിക്കുന്നത്.ഒരു ലോങ്ങ് ടേം കാലയളവിലേക്ക് ബാഴ്സ ലക്ഷ്യം വെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ബ്രുണോ ഗിമിറസ്.
🔵🔴 | #FCB
— Diario SPORT (@sport) May 10, 2023
🧐 El FC Barcelona sigue con su proceso de reconstrucción
🧩 Bruno Guimaraes podría ser una opción para reforzar la medularhttps://t.co/NqYVBcWtfe
പക്ഷേ ബാഴ്സക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ, ഫ്രഞ്ച് വമ്പൻമാരായ PSG എന്നിവരൊക്കെ താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ട്. 2026 വരെയാണ് ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് ക്ലബ്ബുമായി കോൺട്രാക്ട് ഉള്ളത്.ബ്രൂണോയെ വിട്ട് നൽകാൻ ന്യൂകാസിൽ യുണൈറ്റഡ് താല്പര്യപ്പെടുന്നില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ്.മാത്രമല്ല താരത്തിന്റെ കോൺട്രാക്ട് ദീർഘകാലത്തേക്ക് പുതുക്കാൻ ക്ലബ്ബ് ആഗ്രഹിക്കുന്നുണ്ട്. ചുരുക്കത്തിൽ ഇവിടെ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ബ്രൂണോ ഗിമിറസ് മാത്രമാണ്.