റയൽ മാഡ്രിഡിനോട് പ്രതികാരം ചെയ്യുമോ? പെപ് ഗാർഡിയോളക്കും ചിലത് പറയാനുണ്ട്!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുന്നത്.കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ സിറ്റിയെ മറികടന്നുകൊണ്ട് മുന്നോട്ടുപോകാൻ റയലിന് കഴിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ ഇത്തവണ സിറ്റി പ്രതികാരം തീർക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇത് പ്രതികാരം ചെയ്യാനുള്ള അവസരമാണെന്ന് സിറ്റി സൂപ്പർ താരം റോഡ്രി പറയുകയും ചെയ്തിരുന്നു.എന്നാൽ ഇതിനെ എതിർത്തുകൊണ്ട് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. സംഭവിച്ചത് സംഭവിച്ചുവെന്നും ഇത് മറ്റൊരു അവസരം മാത്രമാണ് എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep Guardiola says Man City wanting revenge against Real Madrid "would be a huge mistake" 😮 pic.twitter.com/eCmmU2JbtM
— ESPN FC (@ESPNFC) May 8, 2023
” ലക്ഷ്യം പ്രതികാരം മാത്രമാണെങ്കിൽ അത് വലിയൊരു പിഴവായിരിക്കും.ഞങ്ങൾ ഒരിക്കലും പ്രതികാരത്തിനു വേണ്ടിയല്ല ഒരുങ്ങുന്നത്. സംഭവിച്ചത് സംഭവിച്ചു കഴിഞ്ഞു. ഫുട്ബോളിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നമ്മൾ അർഹിക്കുന്നത് കൊണ്ടാണ്.ഫൈനലിൽ എത്താൻ വേണ്ടി പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും അന്ന് അത് സാധിച്ചില്ല.പക്ഷേ ഇതിൽ നിന്നൊക്കെ നമ്മൾ പാഠം ഉൾക്കൊള്ളേണ്ടതുണ്ട്.നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊരു അവസരമാണ്.മികച്ച പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറാനുള്ള അവസരം.കഴിഞ്ഞവർഷം മികച്ച പ്രകടനം നടത്തിയെങ്കിലും നമ്മൾ പരാജയപ്പെട്ടു. അത് നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. ഇത് കേവലം മറ്റൊരു അവസരം മാത്രം. ഫൈനലിൽ എത്തി കിരീടം നേടുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ തവണ റയൽ മാഡ്രിഡ് ആയിരുന്നു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നത്.അതേസമയം ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കീടം പോലും നേടാൻ സാധിക്കാത്തവരാണ് മാഞ്ചസ്റ്റർ സിറ്റി. ഇത്തവണ അതിനു വിരാമം ആവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.