കോപ ഡെൽ റേ ഫൈനലിനിടെ റയൽ സൂപ്പർതാരത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ടു!

കഴിഞ്ഞ കോപ്പ ഡെൽ റേ കലാശ പോരാട്ടത്തിൽ ഒസാസുനയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ഫൈനൽ മത്സരം വിജയിച്ചത്. ദീർഘകാലത്തെ ഇടവേളക്ക് ശേഷം കോപ ഡെൽ റേ കിരീടത്തിൽ മുത്തമിടാൻ ഇതോടെ റയലിന് സാധിക്കുകയായിരുന്നു.

മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ പുറത്തെടുത്തത്. റയൽ മാഡ്രിഡിനെ കിരീടത്തിലേക്ക് നയിച്ചത് റോഡ്രിഗോയുടെ ഗോളുകളാണ്. രണ്ട് ഗോളുകൾ നേടിക്കൊണ്ട് മത്സരത്തിൽ ഹീറോയായത് ഈ ബ്രസീലിയൻ സൂപ്പർതാരമായിരുന്നു.

എന്നാൽ ഇതിനിടെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിട്ടുണ്ട്. അതായത് ഈ ഫൈനൽ നടക്കുന്ന സമയത്ത് തന്നെ താരത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. മാഡ്രിഡിലെ ലാ മൊറാലേഹ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റോഡ്രിഗോയുടെ വീട്ടിലാണ് മോഷ്ടാക്കൾ അതിക്രമിച്ചു കയറിയിട്ടുള്ളത്. എല്ലാ റൂമുകളിലും അവർ പരതിയിട്ടുണ്ട്. വൃത്തിഹീനമായ രൂപത്തിലായിരുന്നു എല്ലാ റൂമുകളും ഉണ്ടായിരുന്നത്.പക്ഷേ എന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെട്ടുവോ എന്നുള്ള കാര്യത്തിൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

മാഡ്രിഡ് പോലീസ് ഈ വിഷയത്തിൽ ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്.റോഡ്രിഗോക്ക് പുറമേ അദ്ദേഹത്തിന്റെ കുടുംബവും ഈ ഫൈനൽ മത്സരം കാണാൻ വേണ്ടി സെവിയ്യയിൽ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ വീടിനകത്ത് ആരും ഉണ്ടായിരുന്നില്ല. ഏതായാലും ആക്രമികളെ ഉടൻതന്നെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സരത്തിൽ റോഡ്രിഗോ നടത്തിയ സെലിബ്രേഷനും വലിയ രൂപത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ക്യാൻസറിനെ അതിജീവിച്ച 8 വയസ്സുകാരനായ ഒരു കുട്ടിക്ക് വേണ്ടിയായിരുന്നു താൻ ആ സെലിബ്രേഷൻ നടത്തിയതെന്ന് റോഡ്രിഗോ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *