മെസ്സിക്ക് മുപ്പത്തിയേഴാം വയസ്സ് വരെ ബാഴ്‌സയിൽ നിഷ്പ്രയാസം കളിക്കാനാവുമെന്ന് മുൻ താരം

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിക്ക് 2025 വരെ ബാഴ്സയിൽ കളിക്കാൻ കഴിയുമെന്ന് മുൻ ബാഴ്‌സ-ലിവർപൂൾ താരമായ ലൂയിസ് ഗാർഷ്യ. കഴിഞ്ഞ ദിവസം ലാലിഗക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയുടെ ഭാവിയെ പറ്റി പറഞ്ഞത്. മെസ്സി എപ്പോഴും ബാഴ്സയുടെ പരിതസ്ഥിതിക്ക് ഇണങ്ങിയ താരമാണെന്നും താരത്തിന്റെ മുപ്പത്തിയേഴാം വയസ്സ് വരെയൊക്കെ നിഷ്പ്രയാസം ബാഴ്സയിൽ തുടരാൻ താരത്തിന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഓരോ മത്സരത്തിലും ബാഴ്‌സക്ക് എന്താണോ ആവിശ്യം ആ തരത്തിലേക്ക് കളിയെ മാറ്റാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാഴ്സലോണയിലൂടെ വളർന്ന ഗാർഷ്യ ക്ലബിന് വേണ്ടിയും പിന്നീട് അത്ലറ്റികോ മാഡ്രിഡ്‌, ലിവർപൂൾ എന്നിവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഒടുക്കം 2014-ൽ ഐഎസ്എല്ലിൽ അത്ലറ്റികോ കൊൽക്കത്തക്ക് വേണ്ടിയും പന്തുതട്ടാൻ താരം വന്നിട്ടുണ്ട്.

” തീർച്ചയായും അദ്ദേഹത്തിന് 2025 വരെ ബാഴ്സയിൽ നിഷ്പ്രയാസം കളിക്കാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ കളി രീതികളും ശൈലികളും വളരെയധികം മതിപ്പുളവാക്കുന്ന ഒന്നാണ്. ഓരോ വർഷവും വ്യത്യസ്ഥമായ കാര്യങ്ങൾ അദ്ദേഹം നമുക്ക് മുന്നിൽ പ്രകടിപ്പിക്കുന്നു. അപ്പോഴും ഒരേ അളവിൽ ഗോളുകൾ നേടാനും അസിസ്റ്റുകൾ നേടാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ചില വർഷങ്ങളിൽ ഈ അളവിൽ കൂടുതലും അദ്ദേഹം നേടുന്നുണ്ട്. പെട്ടന്ന് മത്സരത്തിൽ ഇണങ്ങിചേരാൻ കഴിയുന്ന താരമാണ് മെസ്സി. മത്സരത്തെ മാറ്റാൻ കൂടുതൽ സമയമൊന്നും അദ്ദേഹം ചിലവഴിക്കില്ല. അത് ബുദ്ദിമുട്ടാണെന്ന് അദ്ദേഹത്തിന് അറിയാം. എത്രത്തോളം പ്രതിഭ നിറഞ്ഞ താരമാണ് താനെന്ന് അദ്ദേഹം ഓരോ മത്സരത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഓരോ മത്സരത്തിലും ഏത് സാഹചര്യമാണോ വന്നുകൊണ്ടിരിക്കുന്നത് അതിനനുസരിച്ച് കളിയുടെ ഗതിയും രീതിയും മാറ്റാൻ കഴിവുള്ള താരമാണ് മെസ്സി ” ഗാർഷ്യ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *