കാര്യങ്ങൾ അതിവേഗത്തിൽ,മെസ്സിക്ക് ഓഫർ നൽകാൻ ബാഴ്സ ഒരുങ്ങുന്നു.
സൂപ്പർ താരം ലയണൽ മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നിലവിൽ പിഎസ്ജി കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ ലയണൽ മെസ്സിക്ക് നൽകിയിട്ടുണ്ട്.എന്നാൽ ഇതുവരെ മെസ്സി അത് പരിഗണിച്ചിട്ടില്ല. അദ്ദേഹം പിഎസ്ജി വിടാൻ തന്നെയാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.
തന്റെ മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് മടങ്ങിയെത്താൻ മെസ്സിക്ക് ആഗ്രഹമുണ്ട്. ബാഴ്സ അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.ഇതുവരെ ഒരു ഒഫീഷ്യൽ ഓഫർ മെസ്സിക്ക് സമർപ്പിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ബാഴ്സയുടെ നീക്കങ്ങൾ അതിവേഗത്തിലാണ് എന്നുള്ള കാര്യം പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മെസ്സിയുടെ പിതാവിന്റെ മുമ്പിൽ ഓഫർ അവതരിപ്പിക്കുന്നതിന് മുന്നേ ലാലിഗയോട് തങ്ങളുടെ പ്ലാനുകൾ എന്തൊക്കെയാണ് എന്നുള്ളത് ബാഴ്സ വ്യക്തമാക്കും.സാമ്പത്തികപരമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലാലിഗയുടെ അനുമതി ബാഴ്സക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ പദ്ധതികൾ ലാലിഗക്ക് മുന്നിൽ ധരിപ്പിച്ചതിനു ശേഷം മെസ്സിക്ക് ഓഫർ നൽകാനാണ് ഇപ്പോൾ ബാഴ്സ തീരുമാനിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ വർഷത്തേക്കുള്ള ഒരു കോൺട്രാക്ട് ആയിരിക്കും വാഗ്ദാനം ചെയ്യുക.
🇪🇸 Selon Mundo Deportivo, le Barça va présenter son plan pour recruter Messi à la Liga, qui devra valider ou non l’opération.https://t.co/zd6FYusAMq
— RMC Sport (@RMCsport) April 20, 2023
മെസ്സിക്ക് തന്റെ സാലറി വലിയ രൂപത്തിൽ കുറയ്ക്കേണ്ടി വരും. പക്ഷേ മെസ്സി വരുന്നതോടുകൂടി വരുമാനം വർദ്ധിപ്പിക്കാനാകുമെന്നും അതുവഴി സാമ്പത്തിക നിയന്ത്രണങ്ങൾ നീങ്ങും എന്നുമാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. അങ്ങനെ വരുമാനത്തിന്റെ ഒരു ഭാഗം ലയണൽ മെസ്സിക്ക് നൽകാൻ ബാഴ്സക്ക് പദ്ധതികൾ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
പക്ഷേ ലാലിഗയുടെ പ്രസിഡണ്ടായ ഹവിയർ ടെബാസ് ഇപ്പോഴും ബാഴ്സക്ക് പ്രതികൂലമായി കൊണ്ടാണ് സംസാരിക്കുന്നത്. നിലവിലെ അവസ്ഥയിൽ മെസ്സിയെ എത്തിക്കാൻ കഴിയില്ല എന്നായിരുന്നു ഇന്നലെ ടെബാസ് പറഞ്ഞിരുന്നത്. പക്ഷേ എങ്ങനെയെങ്കിലും മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ബാഴ്സ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.