പിഎസ്ജിക്ക് ആശ്വാസം, നിയന്ത്രണങ്ങൾ നീങ്ങുന്നു!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയ സീസൺ ആണ്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും അതിനോട് നീതി പുലർത്തുന്ന ഒരു പ്രകടനം നടത്താൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല. പതിവുപോലെ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ തന്നെ പിഎസ്ജി പുറത്തായിരുന്നു. മാത്രമല്ല നിരവധി തോൽവികളാണ് ഈ വർഷം പിഎസ്ജിക്ക് വഴങ്ങേണ്ടി വന്നത്.

ഇതിനുപുറമേ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളും പിഎസ്ജിക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതായത് കഴിഞ്ഞ കുറച്ചു സീസണുകളായി ക്ലബ് നഷ്ടത്തിലാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക നിയന്ത്രണങ്ങൾ പിഎസ്ജിക്ക് ഇപ്പോൾ ഏൽക്കേണ്ടി വരുന്നുണ്ട്. ഇക്കാരണത്താൽ ലയണൽ മെസ്സിയുടെ സാലറി പോലും കുറക്കാൻ പിഎസ്ജി ആലോചിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പക്ഷേ ഈ വിഷയത്തിൽ പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളായ ലെ പാരീസിയനും RMC സ്പോർട്ടും ചില റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് പതിയെ പതിയെ പിഎസ്ജി ഇതിൽ നിന്നും കരകയറി വരുന്നുണ്ട്. 2026 ഓടുകൂടി ക്ലബ്ബിന്റെ എല്ലാ പ്രശ്നങ്ങളും പൂർണമായും അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ചു സീസണുകൾ നഷ്ടത്തിലായിരുന്നുവെങ്കിലും ഇപ്പോൾ അത് പരിഹരിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ട്രാൻസ്ഫറുകൾ നടത്താം എന്നുള്ള പ്രതീക്ഷ ഇപ്പോൾ ക്ലബ് വെച്ച് പുലർത്തുന്നുണ്ട്.

പക്ഷേ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ഇനിയും പിഎസ്ജി സാമ്പത്തികപരമായി കരുത്തരാവേണ്ടതുണ്ട്. ഏതായാലും അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ്.അതിന് ഈ നിയന്ത്രണങ്ങൾ അവസാനിക്കേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *