സൂപ്പർ താരങ്ങൾ നിറഞ്ഞാടി, PSG ജയിച്ചത് 9 ഗോളുകൾക്ക്
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ PSGക്ക് തകർപ്പൻ ജയം. എതിരില്ലാത്ത 9 ഗോളുകൾക്കാണവർ ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലജായ ലെ ഹാവ്റെയെ തകർത്തത്. 4 മാസങ്ങൾക്ക് ശേഷം കളത്തിലിറങ്ങിയ PSGയുടെ സൂപ്പർ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. നെയ്മർ ജൂനിയറും മൗറോ ഇക്കാർഡിയും ഇരട്ട ഗോളുകൾ നേടിയതിന് പുറമെ എംബപ്പേ കൂടി സ്കോർ ചെയ്തതോടെ എതിരില്ലാത്ത 5 ഗോളുകൾക്ക് ആദ്യ പകുതിയിൽ തന്നെ PSG മുന്നാലായി. തുടർന്ന് ഗോളടിച്ചവരെ അടക്കം 9 പേരെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു കൊണ്ടാണ് തോമസ് ടുഷേൽ രണ്ടാം പകുതിയിൽ തൻ്റെ ടീമിനെ ഇറക്കിയത്. അതേ സമയം ആദ്യ പകുതിയിൽ കളിച്ച 11 പേരെയും മാറ്റി പുതിയ ഇലവനും കൊണ്ടാണ് ലെ ഹാവ്റെ രണ്ടാം പകുതി കളിക്കാനെത്തിയത്!
FULL-TIME: Le Havre AC 0-9 @PSG_English
— Paris Saint-Germain (@PSG_English) July 12, 2020
A fantastic return to action for the boys🙌🔴🔵 #AllezParis pic.twitter.com/hfRcQDYMCf
സൂപ്പർ താരങ്ങൾ കളം വിട്ടിട്ടും PSG ഗോളടി തുടർന്നു. രണ്ടാം പകുതിയിൽ പാബ്ലോ സറാബിയ ഇരട്ട ഗോളുകൾ നേടുകയും ഇദിരിസെ ഗുയെ, മുയിൻഗ എന്നിവർ ഓരോ ഗോളുകൾ വീതം സ്കോർ ചെയ്യുകയും ചെയ്തതോടെ എതിരില്ലാത്ത 9 ഗോളുകൾക്ക് വിജയിച്ച് PSG പരിശീലന മത്സരം ഗംഭീരമാക്കി. ഈ മാസം അവസാനം നടക്കുന്ന ഡൊമെസ്റ്റിക്ക് കപ്പ് ഫൈനലുകളും ഓഗസ്റ്റിലെ ചാമ്പ്യൻസ് ലീഗും ലക്ഷ്യമിട്ടാണ് PSG സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജൂലൈ 17ന് ബെൽജിയൻ ക്ലബ്ബ് വാസ്ലാൻഡ് ബെവെറെനുമായും ജൂലൈ 21ന് സ്കോട്ടിഷ് ക്ലബ്ബ് കെൽറ്റിക്കുമായും PSG ഫ്രണ്ട്ലി മത്സരങ്ങൾ കളിക്കുന്നുണ്ട്.