ബെൻസിമയെ മറികടന്നു, അതിവേഗം കുതിച്ച് കിലിയൻ എംബപ്പേ!
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ ഫ്രാൻസിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രാൻസ് നെതർലാന്റ്സിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ കിലിയൻ എംബപ്പേ തന്നെയാണ് ഈ മത്സരത്തിൽ തിളങ്ങിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് എംബപ്പേ ഈ മത്സരത്തിൽ സ്വന്തമാക്കിയത്.
കേവലം 24 വയസ്സ് മാത്രമുള്ള എംബപ്പേ ഇപ്പോൾ ഫ്രാൻസ് ദേശീയ ടീമിൽ ഗോളടിച്ചു കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ ഇരട്ട ഗോളോട് കൂടി ഫ്രാൻസിന് വേണ്ടി ആകെ 38 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഫ്രാൻസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ചാമത്തെ താരമായി മാറാനും ഇപ്പോൾ എംബപ്പേക്ക് കഴിഞ്ഞു.
മുൻ ഫ്രഞ്ച് സൂപ്പർതാരമായ കരീം ബെൻസിമയെയാണ് ഇപ്പോൾ എംബപ്പേ മറികടന്നിട്ടുള്ളത്. ഫ്രാൻസ് ദേശീയ ടീമിന് വേണ്ടി 37 ഗോളുകളായിരുന്നു ഇതുവരെ ബെൻസിമ നേടിയിരുന്നത്. ഇത് മറികടന്നു കൊണ്ടാണ് ഇപ്പോൾ എംബപ്പേ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
24-year-old (!) Kylian Mbappé passes Karim Benzema to move into fifth all-time in men's goals for France:
— B/R Football (@brfootball) March 24, 2023
🇫🇷 Olivier Giroud (53)
🇫🇷 Thierry Henry (51)
🇫🇷 Antoine Griezmann (43)
🇫🇷 Michel Platini (41)
🇫🇷 𝐌𝐛𝐚𝐩𝐩𝐞́ (38) pic.twitter.com/LNi643H8Ui
ഇനി എംബപ്പേയുടെ മുന്നിലുള്ള ലക്ഷ്യം മറ്റൊരു ഫ്രഞ്ച് ഇതിഹാസമായ മിഷേൽ പ്ലാറ്റിനിയാണ്.41 ഗോളുകളാണ് അദ്ദേഹം ഫ്രാൻസിന് വേണ്ടി ആകെ നേടിയിട്ടുള്ളത്. ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം ഒലിവർ ജിറൂദാണ്. 53 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 51 ഗോളുകൾ നേടിയിട്ടുള്ള തിയറി ഹെൻട്രി രണ്ടാമതും 43 ഗോളുകൾ നേടിയിട്ടുള്ള ഗ്രീസ്മാൻ മൂന്നാം സ്ഥാനത്തും വരുന്നു. എന്നാൽ ഈ റെക്കോർഡുകൾ ഒന്നും പഴങ്കഥയാക്കാൻ 24 കാരനായ എംബപ്പേക്ക് അധികം സമയം ഒന്നും വേണ്ടിവരില്ല എന്നുള്ളത് വളരെ വ്യക്തമാണ്.