വേൾഡ് കപ്പ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും, അംഗീകാരവുമായി ഫിഫ!
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേൾഡ് കപ്പുകളിൽ ഒന്നായിരുന്നു കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന വേൾഡ് കപ്പ്. വളരെ കുറ്റമറ്റ രീതിയിൽ വേൾഡ് കപ്പ് സംഘടിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞു. ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീനയാണ് കിരീടം സ്വന്തമാക്കിയത്. ഇനി 2026ൽ നടക്കുന്ന വേൾഡ് കപ്പിന് അമേരിക്ക,മെക്സിക്കോ,കാനഡ എന്നീ രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്.
എന്നാൽ വേൾഡ് കപ്പിന്റെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങൾ ഇപ്പോൾ ഫിഫ വരുത്തിയിട്ടുണ്ട്. റുവാണ്ടയിൽ വെച്ച് നടന്ന കോൺഗ്രസിലാണ് ഫിഫയുടെ ഗവേർണിങ് ബോഡി പുതിയ ഫോർമാറ്റിന് അംഗീകാരം നൽകിയിട്ടുള്ളത്.അതായത് ഇതുവരെ 32 ടീമുകൾ ആയിരുന്നു വേൾഡ് കപ്പിൽ പങ്കെടുത്തിരുന്നത്. അത് 48 ടീമുകളായി ഉയർത്തപ്പെട്ടിട്ടുണ്ട്.
FIFA approves World Cup format for 2026:
— B/R Football (@brfootball) March 14, 2023
▪️ 104 games
▪️ 48 teams
▪️ 12 groups of 4, 3 games played
▪️ 8 maximum games (up from 7)
▪️ Top 2 teams in each group plus 8 best 3rd-placed sides advance pic.twitter.com/2uHLLOC7Eo
ഇതുവരെ 8 ഗ്രൂപ്പുകൾ ആയിരുന്നു വേൾഡ് കപ്പിൽ ഉണ്ടായിരുന്നത്.അത് പന്ത്രണ്ടായി ഉയർത്തപ്പെട്ടിട്ടുണ്ട്.ഓരോ ഗ്രൂപ്പിലും നാലു വീതം ടീമുകൾ തന്നെയാണ് ഉണ്ടാവുക. ആദ്യ രണ്ടു സ്ഥാനക്കാരും പിന്നീട് ഏറ്റവും മികച്ച 8 മൂന്നാം സ്ഥാനക്കാരുമാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമിനും 3 മത്സരങ്ങൾ തന്നെയായിരിക്കും കളിക്കേണ്ടി വരിക. ആകെ 104 മത്സരങ്ങൾ വേൾഡ് കപ്പിൽ ഉണ്ടാവും. പരമാവധി 8 മത്സരങ്ങൾ ഒരു ടീമിന് കളിക്കാൻ സാധിക്കും.
1998ലെ വേൾഡ് കപ്പ് മുതലാണ് 32 ടീമുകൾ ഒരു വേൾഡ് കപ്പിൽ പങ്കെടുത്തു തുടങ്ങിയത്. 2026 ജൂലൈ 19 ആം തീയതി ആയിരിക്കും ഇതിന്റെ ഫൈനൽ മത്സരം നടക്കുക. ഏതായാലും 32 ടീമുകൾ പങ്കെടുത്ത അവസാനത്തെ വേൾഡ് കപ്പ് ആയിക്കൊണ്ട് ഖത്തർ വേൾഡ് കപ്പ് മാറുകയായിരുന്നു. കൂടുതൽ രാജ്യങ്ങൾക്ക് ഇനി വേൾഡ് കപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു എന്നുള്ളത് ഫുട്ബോൾ ആരാധകർക്കും സന്തോഷം നൽകുന്ന ഒരു കാര്യമാണ്.