ബെസ്റ്റ് ഇലവനിൽ നിന്നും റിക്വൽമിയെ പുറത്താക്കി വിദാലിനെ ഉൾപ്പെടുത്തി ടെവസ്!

അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള ഇതിഹാസതാരമാണ് കാർലോസ് ടെവസ്. മാത്രമല്ല ഒരുപാട് വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ബൊക്ക ജൂനിയേഴ്സ്,മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി,യുവന്റസ് എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.പിന്നീട് 2021 ലാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ESPN നോട് സംസാരിക്കുന്ന വേളയിൽ തന്നോടൊപ്പം കളിച്ചവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബെസ്റ്റ് ഇലവൻ തിരഞ്ഞെടുക്കാൻ ടെവസിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അത് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിചിത്രമായ കാര്യം എന്തെന്നാൽ അർജന്റീനയുടെ ഇതിഹാസമായ റിക്വൽമിയെ തഴഞ്ഞുകൊണ്ട് അദ്ദേഹം ചിലിയൻ സൂപ്പർതാരമായ ആർതുറോ വിദാലിനെ ഉൾപ്പെടുത്തി എന്നുള്ളതാണ്. തന്നോടൊപ്പം കളിച്ച റിക്വൽമിയെ എന്തുകൊണ്ട് അദ്ദേഹം പരിഗണിച്ചില്ല എന്നുള്ളത് വ്യക്തമല്ല.

അതേസമയം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി എന്നിവർക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരം കൂടിയാണ് കാർലോസ് ടെവസ്. ഈ രണ്ടുപേരും ഇപ്പോൾ ഈ ഇലവനിൽ ഇടം നേടിയിട്ടുണ്ട്.ഇവർക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണിയാണ് മുന്നേറ്റ നിരയിൽ ഉള്ളത്. ഏതായാലും ടെവസിന്റെ ബെസ്റ്റ് ഇലവൻ ഒന്ന് പരിശോധിക്കാം .

ഗോൾ കീപ്പർ ആയിക്കൊണ്ട് ജിയാൻ ലൂയിജി ബുഫൺ വരുന്നു.ഹ്യൂഗോ ഇബാറ,റൊളാണ്ടോ ശിയാവി,റിയോ ഫെർഡിനാന്റ്,പാട്രിസ് എവ്ര എന്നിവർ സ്ഥാനം നേടി.മിഡ്‌ഫീൽഡിൽ പോൾ പോഗ്ബ,പോൾ ഷോൾസ്,ആർതുറോ വിദാൽ എന്നിവർ സ്ഥാനം കണ്ടെത്തിയപ്പോൾ മുന്നേറ്റ നിരയിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയിൻ റൂണിയുമാണ് ഉള്ളത്. ഏതായാലും എന്തുകൊണ്ട് റിക്വൽമിയെ ഉൾപ്പെടുത്തിയില്ല എന്നുള്ള ചോദ്യവും അർജന്റീന മാധ്യമമായ tyc സ്പോർട്സ് ഇതിനോടൊപ്പം ചേർക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *