ചെയ്തത് വിഡ്ഢിത്തം,എംബപ്പേയോടുള്ള പ്രവർത്തിയിൽ ഒട്ടും അഭിമാനമില്ല :സമ്മതിച്ച് എമിലിയാനോ മാർട്ടിനസ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുള്ള താരമാണ് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. അദ്ദേഹത്തിന്റെ മികവ് പലതവണ അർജന്റീന രക്ഷിച്ചു. എന്നാൽ വേൾഡ് കപ്പ് നേടിയതിനു ശേഷം അദ്ദേഹം നടത്തിയ പല പ്രവർത്തികളും വലിയ വിവാദമായിരുന്നു. പലതവണ അദ്ദേഹം ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ അവഹേളിച്ചിരുന്നു.

മാത്രമല്ല ഗോൾഡൻ ഗ്ലൗ ലഭിച്ചതിനുശേഷം എമിലിയാനോ മാർട്ടിനസ് നടത്തിയ സെലിബ്രേഷൻ വലിയ വിവാദമാവുകയും ചെയ്തിരുന്നു. പക്ഷേ ഈ അർജന്റീന ഗോൾകീപ്പറുടെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് പല ആരാധകരും രംഗത്ത് വന്നിരുന്നു. എന്നാൽ താൻ ചെയ്തത് തെറ്റാണ് എന്നുള്ള കാര്യം ഒരിക്കൽ കൂടി എമി മാർട്ടിനസ് തുറന്നു പറഞ്ഞിട്ടുണ്ട്. താൻ ചെയ്തു കൂട്ടിയതെല്ലാം വിഡ്ഢിത്തമാണെന്നും അതിലൊന്നും തന്നെ താൻ അഭിമാനിക്കുന്നില്ല എന്നുമാണ് ESPN അർജന്റീനയോട് എമി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മത്സരം അവസാനിച്ചതിനുശേഷം ഉടനെ ഞാൻ എംബപ്പേയോട് സംസാരിച്ചിരുന്നു. മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തീർച്ചയായും ഫ്രാൻസ് നിങ്ങളുടെ കാര്യത്തിൽ അഭിമാനം കൊള്ളുന്നുവെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ ഞാൻ നടത്തിയ സെലിബ്രേഷനുകൾ ഒക്കെ തന്നെയും വിഡ്ഢിത്തമായിരുന്നു.അതിന്റെ കാര്യത്തിൽ ഒരിക്കലും ഞാൻ അഭിമാനം കൊള്ളുന്നില്ല ” ഇതാണ് എമിലിയാനോ മാർട്ടിനെസ്സ് പറഞ്ഞിട്ടുള്ളത്.

ഇതിന് മുമ്പ് നൽകിയ അഭിമുഖത്തിലും ഈ അർജന്റീന ഗോൾകീപ്പർ ഇക്കാര്യം തുറന്നു സമ്മതിച്ചിരുന്നു.ലയണൽ മെസ്സി പോലും തന്നെ ശകാരിച്ചിരുന്നു എന്നുള്ള കാര്യം ഇദ്ദേഹം പറഞ്ഞിരുന്നു. ഏതായാലും അത്തരം സെലിബ്രേഷനുകൾ ഇനി എമിയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് തന്നെയാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *