ദുരന്തമായി മാറി: കടുത്ത വിമർശനവുമായി യുർഗൻ ക്ലോപ്

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നാണംകെട്ട തോൽവിയാണ് ലിവർപൂളിന് വഴങ്ങേണ്ടി വന്നത്.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടത്. രണ്ട് ഗോളുകളുടെ ലീഡ് തുലച്ചുകളഞ്ഞു കൊണ്ടാണ് ലിവർപൂൾ 5 ഗോളുകൾ വഴങ്ങിയത്. നിരവധി പിഴവുകളാണ് മത്സരത്തിൽ ലിവർപൂൾ നടത്തിയത്.

ഗോൾകീപ്പറായ ആലിസണിന്റെ പിഴവിൽ നിന്നായിരുന്നു രണ്ടാം ഗോൾ വഴങ്ങേണ്ടി വന്നത്. മാത്രമല്ല ഡിഫൻഡർ ജോ ഗോമസിന്റെ പിഴവിൽ നിന്നാണ് മറ്റു പല ഗോളുകളും പിറന്നിട്ടുള്ളത്.ഏതായാലും ഈ മത്സരത്തിനുശേഷം ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ടീമിന്റെ പ്രകടനത്തെ വിമർശിച്ചിട്ടുണ്ട്. ഗോൾ വഴങ്ങിയ രീതികളൊക്കെ വളരെയധികം ദുരന്തസമാനമായിരുന്നു എന്നാണ് യുർഗൻ ക്ലോപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങളുടെ തുടക്കം ഗംഭീരമായിരുന്നു.രണ്ട് ഗോളുകളുടെ ലീഡ് എടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ആദ്യ പകുതിയിൽ വഴങ്ങിയ ഗോളുകൾ മാറ്റി നിർത്തിയാൽ മികച്ച പ്രകടനം തന്നെയാണ് ഞങ്ങൾ പുറത്തെടുത്തത്.ഞങ്ങൾ വഴങ്ങിയ രണ്ടാമത്തെ ഗോൾ ഒക്കെ ഒരു ദുരന്തമായിരുന്നു.ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് അത്. ആദ്യ പകുതിയിൽ കളിച്ചപോലെ മത്സരത്തിന്റെ മുഴുവൻ സമയവും ഞങ്ങൾ കളിക്കണമായിരുന്നു.ഞങ്ങളുടെ അഞ്ചും ആറും താരങ്ങളൊക്കെ അണിനിരന്ന് നിൽക്കുന്ന സമയത്താണ് അവർ ഗോളുകൾ നേടിയത്. ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും സംഭവിക്കാൻ പാടില്ലാത്തതുമാണ് ” ഇതാണ് മത്സരശേഷം യുർഗൻ ക്ലോപ് പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ ലിവർപൂളിന്റെ ഡിഫൻസ് മോശം പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.നിരവധി അബദ്ധങ്ങൾ അവർ വരുത്തിവെക്കുകയും ചെയ്തിരുന്നു. ഇനി മാർച്ച് പതിനഞ്ചാം തീയതിയാണ് രണ്ടാം പാദ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *