ഞങ്ങളുടെ പേര് ബയേൺ എന്നാണ്,സമനിലക്ക് വേണ്ടിയല്ല,വിജയിക്കാൻ വേണ്ടി തന്നെയായിരിക്കും കളിക്കുക:PSGക്ക് ബയേൺ താരത്തിന്റെ മുന്നറിയിപ്പ്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒരു വമ്പൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കാണ്.ഫെബ്രുവരി പതിനാലാം തീയതിയാണ് ആദ്യ പാദ മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിനു മുന്നേ ചില കാര്യങ്ങൾ ബയേണിന്റെ പ്രതിരോധ നിരതാരമായ ഡായോട്ട് ഉപമെക്കാനോ പങ്കുവെച്ചിട്ടുണ്ട്. അതായത് ബയേൺ ഒരിക്കലും സമനിലക്ക് വേണ്ടി കളിക്കില്ലെന്നും, മറിച്ച് വിജയം മാത്രമായിരിക്കും പാരിസിൽ തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഉപമെക്കാനോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Champions League: Dayot Upamecano Shares Bayern Munich’s Mindset Ahead of PSG Clash https://t.co/PPHRzUFZ3b
— PSG Talk (@PSGTalk) February 10, 2023
” രണ്ട് ടീമുകളെ സംബന്ധിച്ചിടത്തോളവും ഇത് വളരെ വലിയ ഒരു മത്സരമാണ്. ഞങ്ങൾ ഈ മത്സരത്തിനു വേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്.ഏറ്റവും മികച്ച ഫോമിൽ തന്നെ ഈ മത്സരത്തിനു വേണ്ടി ഞങ്ങൾ എത്തിച്ചേരേണ്ടതുണ്ട്.ഞങ്ങളുടെ ലക്ഷ്യം എന്നുള്ളത് പാരീസിൽ വിജയിക്കുക എന്നുള്ളതാണ്.അതുകൊണ്ടുതന്നെ ഞങ്ങൾ ഒരിക്കലും സമനിലക്ക് വേണ്ടി കളിക്കില്ല, മറിച്ച് വിജയത്തിന് വേണ്ടി മാത്രമായിരിക്കും ഞങ്ങൾ കളിക്കുക. കാരണം ഞങ്ങളുടെ പേര് ബയേൺ എന്നാണ് ” ഉപമെക്കാനോ പറഞ്ഞു.
സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി ഈ മത്സരത്തിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ എംബപ്പേയുടെ കാര്യം ഇപ്പോഴും സംശയകരമാണ്. ഈ രണ്ടു താരങ്ങൾക്കും നിലവിൽ പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. അതേസമയം ബയേൺ പതിയെ തങ്ങളുടെ ഫോമിലേക്ക് തിരിച്ചുവരികയാണ്.