ക്രിസ്റ്റ്യാനോയാണ് അന്ന് എന്നെ ഏറെ സഹായിച്ചത്:ഒഡേഗാർഡ് പറയുന്നു!

കേവലം 16 വയസ്സ് മാത്രമുള്ളപ്പോഴാണ് സൂപ്പർ താരമായ മാർട്ടിൻ ഒഡേഗാർഡ് റയൽ മാഡ്രിഡ് എത്തിയത്. താരസമ്പന്നമായ ടീമിനോടൊപ്പമായിരുന്നു അന്ന് അദ്ദേഹം ചേർന്നിരുന്നത്. എന്നാൽ നോർവിജിയൻ താരമായ ഇദ്ദേഹത്തിന് സ്പാനിഷ് വശം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റയൽ മാഡ്രിഡിലെ ആദ്യ നാളുകളിൽ ഒഡേഗാർഡ് ബുദ്ധിമുട്ടിയിരുന്നു.

അന്നത്തെ ചില കാര്യങ്ങൾ ഇപ്പോൾ ഒഡേഗാർഡ് പങ്കുവെച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്നെ ഏറെ സഹായിച്ചത് എന്നാണ് ഇപ്പോൾ ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്. കൂടാതെ ടോണി ക്രൂസ്,ലൂക്ക മോഡ്രിച്ച് എന്നിവരൊക്കെ തന്നെ സഹായിച്ചുവെന്നും ഒഡേഗാർഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.ദി പ്ലെയേഴ്സ് ട്രിബ്യൂൺ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഒഡേഗാർഡ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഡ്രസ്സിംഗ് റൂമിലേക്ക് എത്തുമ്പോൾ ഈ റയൽ മാഡ്രിഡിന്റെ ഇതിഹാസതാരങ്ങൾ എന്നോട് എങ്ങനെ പെരുമാറും എന്നുള്ള കാര്യത്തിലായിരുന്നു ഞാൻ ആശങ്കപ്പെട്ടിരുന്നത്.ഞാനൊരു ചെറിയ പയ്യനായിരുന്നു,മാത്രമല്ല എനിക്ക് സ്പാനിഷ് വശമുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും നല്ല നിലയിലാണ് എന്നോട് പെരുമാറിയത്. ഇംഗ്ലീഷ് സംസാരിക്കുന്ന ക്രൂസ്,മോഡ്രിച്ച്,റൊണാൾഡോ എന്നിവർ എന്നെ വളരെയധികം സഹായിച്ചു.അവർ എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകി,അതെല്ലാം എനിക്ക് സഹായകരമായി. ടീമിനകത്ത് ഒരു 16കാരൻ തങ്ങളുടെ സ്ഥാനം എടുക്കുന്നതിൽ അവർക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല” ഇതാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാവാൻ ഒഡേഗാർഡിന് സാധിച്ചിരുന്നു. പിന്നീട് അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിലേക്ക് പോവുകയായിരുന്നു. നിലവിൽ അവിടുത്തെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന ഒഡേഗാർഡ് തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *