പരിശീലകന്റെ ക്രിസ്റ്റ്യാനോയോടുള്ള പ്രവർത്തി എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു : തുറന്ന് പറഞ്ഞ് ജോവോ ഫെലിക്സ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ വലിയ മുന്നേറ്റം ഒന്നും ഉണ്ടാക്കാൻ പോർച്ചുഗലിന് സാധിച്ചിരുന്നില്ല.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കോയോട് പരാജയപ്പെട്ടു കൊണ്ട് പോർച്ചുഗൽ പുറത്താവുകയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല താരത്തെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് ബെഞ്ചിൽ ഇരുത്തുകയും ചെയ്തിരുന്നു.

സ്വിറ്റ്സർലാന്റിനെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും ഒഴിവാക്കിയിരുന്നു. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ആ മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചിരുന്നത്. ഇതേക്കുറിച്ച് പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ പുറത്തിരുത്തിയത് തന്നെ ഞെട്ടിച്ചുകളഞ്ഞു എന്നാണ് ഫെലിക്സ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയത് എന്നെ ചെറിയ രൂപത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു.കാരണം റൊണാൾഡോ ബെഞ്ചിൽ ഇരിക്കുക എന്നുള്ളത് സാധാരണ രൂപത്തിൽ സംഭവിക്കുന്ന കാര്യമല്ല.പക്ഷേ തീരുമാനങ്ങൾ എടുക്കേണ്ടത് പരിശീലകൻ മാത്രമാണ്.ക്രിസ്റ്റ്യാനോ നല്ല നിലയിൽ തന്നെയാണ് ഈ തീരുമാനത്തോട് പ്രതികരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രതികരണം ടീമിനെ വലിയ ആത്മവിശ്വാസം പകർന്നു നൽകി. തീർച്ചയായും അദ്ദേഹം ഞങ്ങളുടെ ടീമിനെ വളരെ നല്ല രൂപത്തിൽ സഹായിച്ചിട്ടുണ്ട് ” ഇതാണ് ഫെലിക്സ് പറഞ്ഞിട്ടുള്ളത്.

പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഫെലിക്സിന് സാധിച്ചിരുന്നു. എന്നാൽ അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡ് വിട്ടുകൊണ്ട് ചെൽസിയിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ ഈ സീസണിന് ശേഷം ലോൺ കാലാവധി പൂർത്തിയാക്കി അദ്ദേഹം സ്പാനിഷ് ക്ലബ്ബിൽ തന്നെ തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *