ഡബിൾ ബൂസ്റ്റ്, നിർണായക മത്സരത്തിനു മുന്നേ 2 PSG താരങ്ങൾ തിരിച്ചെത്തി!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് പരിക്ക് വല്ലാതെ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. നെയ്മർ ജൂനിയർക്ക് മസിൽ ഇഞ്ചുറി കാരണം രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. മാത്രമല്ല മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബപ്പേ പരിക്കമൂലം ഇപ്പോൾ പുറത്താണ്.സെർജിയോ റാമോസും പരിക്കിന്റെ പിടിയിലായിരുന്നു.
ഇപ്പോഴിതാ പിഎസ്ജിക്ക് ശുഭകരമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അതായത് സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും സെർജിയോ റാമോസും ഇപ്പോൾ പരിശീലനത്തിന് തിരിച്ചെത്തിയിട്ടുണ്ട്.നെയ്മർ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ മടങ്ങിയെത്തിയ കാര്യം അറിയിച്ചിട്ടുള്ളത്. ഈ രണ്ട് താരങ്ങളും എന്ന് മടങ്ങി വരും എന്നുള്ള കാര്യത്തിൽ പിഎസ്ജി വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലായിരുന്നു.അതുകൊണ്ടുതന്നെ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു.
📸 | Sergio Ramos, Leo Messi, Verratti, Neymar Jr during training today pic.twitter.com/W7v4GoN0OZ
— PSG Chief (@psg_chief) February 6, 2023
പിഎസ്ജി ഇനി വളരെ നിർണായകമായ ഒരു മത്സരമാണ് കളിക്കാൻ പോവുന്നത്.കോപ ഡി ഫ്രാൻസിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ശക്തരായ മാഴ്സെയാണ് പിഎസ്ജിയുടെ എതിരാളികൾ.ഈ മത്സരത്തിൽ ഈ രണ്ടു താരങ്ങളും കളിക്കുമോ എന്നുള്ള കാര്യത്തിൽ ഇനിയും സ്ഥിരീകരണം വരേണ്ടിയിരിക്കുന്നു. വരുന്ന ഒമ്പതാം തീയതിയാണ് ഈ പോരാട്ടം അരങ്ങേറുക.
കഴിഞ്ഞ മത്സരത്തിൽ ഇവരുടെ അഭാവത്തിലും വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. അതേസമയം കിലിയൻ എംബപ്പേക്ക് മൂന്ന് ആഴ്ചയോളം വിശ്രമം വേണ്ടിവരും എന്നുള്ള കാര്യം നേരത്തെ തന്നെ ക്ലബ് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ പ്രീ ക്വാർട്ടറിന് എംബപ്പേ ഉണ്ടാവില്ല.നെയ്മറും റാമോസും മെസ്സിയുമൊക്കെ ആ മത്സരത്തിന് ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും കിലിയൻ എംബപ്പേയുടെ അഭാവം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ തിരിച്ചടി തന്നെയാണ്.