ഞാൻ പരാജയപ്പെട്ടു : അർജന്റീന പുറത്തായതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് മശെരാനോ!

അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്നലെ വമ്പൻമാരായ അർജന്റീന പുറത്തായിരുന്നു. കൊളംബിയക്കെതിരെയുള്ള മത്സരത്തിലും പരാജയപ്പെട്ടതോടുകൂടിയാണ് അർജന്റീന പുറത്തായത്. ആകെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നു മത്സരത്തിലും അർജന്റീന പരാജയപ്പെടുകയായിരുന്നു.വരുന്ന അണ്ടർ 20 വേൾഡ് കപ്പിന് യോഗ്യത നേടാനും അർജന്റീനക്ക് സാധിച്ചിരുന്നില്ല.

ഇതോടുകൂടി അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായ ഹവിയർ മശെരാനോ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടുവെന്നും ഇനി തുടരാൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് മശെരാനോ പറഞ്ഞിട്ടുള്ളത്. മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇതിനെക്കുറിച്ച് എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല.എല്ലാവരോടും നന്ദി പറയുന്നു. ഈ അവസരം നൽകിയതിന് AFA പ്രസിഡണ്ടിനോടും നന്ദി പറയുന്നു.ഈ താരങ്ങളെ നൽകിയതിന് ക്ലബ്ബുകളോടും നന്ദി പറയുന്നു. താരങ്ങളെ കൈമാറിയതിൽ അവർക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് ന്യായീകരണങ്ങൾ ഒന്നുമില്ല.ഞാൻ പരിശീലക സ്ഥാനത്ത് തുടരാൻ ഉദ്ദേശിക്കുന്നില്ല.പരിശീലകൻ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു.അത് ഞാൻ സമ്മതിക്കുന്നു. അർജന്റീനയിൽ എത്തിയ ഉടനെ ടാപ്പിയയുമായി ഞാൻ സംസാരിക്കും. ടീമിനെ സഹായിക്കാൻ കഴിയാത്തതിൽ ഞാൻ എന്റെ താരങ്ങളോടും സോറി പറയുന്നു.ഈ പരാജയത്തിന് കാരണക്കാരൻ ഞാൻ മാത്രമാണ്.ഈ താരങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയാതെ പോയത് എന്റെ തെറ്റാണ്. ഇതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു ” ഇതാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.

2021ലായിരുന്നു അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായി കൊണ്ട് മശെരാനോ ചുമതലയേറ്റത്.പക്ഷേ വളരെ മോശം പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ കീഴിൽ ഇതുവരെ അർജന്റീന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *