മെസ്സിയെ തടയാൻ നോക്കി നക്ഷത്രമെണ്ണിപ്പോയി : തുറന്ന് പറഞ്ഞ് ഇതിഹാസതാരം!

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസമായ അലസാൻഡ്രോ നെസ്റ്റ ദീർഘകാലം എസി മിലാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. 2011/12 സീസണിൽ നാല് തവണയാണ് അദ്ദേഹം എഫ്സി ബാഴ്സലോണക്കെതിരെ കളിച്ചിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിന്റെ പീക്ക് ടൈമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. ആ സീസണിൽ മെസ്സി 60 മത്സരങ്ങളിൽ നിന്ന് 73 ഗോളുകളായിരുന്നു ബാഴ്സക്ക് വേണ്ടി നേടിയിരുന്നത്.

ഏതായാലും ആ സമയത്ത് ലയണൽ മെസ്സിയെ ഡിഫൻഡ് ചെയ്തതിന്റെ ബുദ്ധിമുട്ട് ഇപ്പോൾ നെസ്റ്റ തുറന്നു പറഞ്ഞിട്ടുണ്ട്. മെസ്സിയെ തടയാൻ നോക്കി നക്ഷത്രം എണ്ണി പോയ സന്ദർഭം ഉണ്ടായിട്ടുണ്ട് എന്നാണ് നെസ്റ്റ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ടോക്ക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു മത്സരത്തിന്റെ പത്താം മിനിറ്റിൽ ലയണൽ മെസ്സിയെ തടയാൻ വേണ്ടി ഞാൻ ശ്രമിച്ചു. പക്ഷേ വീണു പോയത് ഞാനായിരുന്നു. കുറച്ച് സമയത്തേക്ക് എനിക്കൊന്നും ഓർമ്മയില്ലായിരുന്നു. ഞാൻ നക്ഷത്രമെണ്ണി. കണ്ണ് തുറന്ന സമയത്ത് ലയണൽ മെസ്സി എന്റെ മുമ്പിൽ നിൽക്കുന്നു. അദ്ദേഹം എനിക്ക് കൈ തന്നുകൊണ്ട് എന്നെ എഴുന്നേൽപ്പിച്ചു നിർത്തി. യഥാർത്ഥത്തിൽ അവിടെയും ഞാൻ മാനസികമായി തകരുകയായിരുന്നു.അന്നൊക്കെ മെസ്സിയെ തടയുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു ” ഇതാണ് നെസ്റ്റ പറഞ്ഞിട്ടുള്ളത്.

ആ സീസണിൽ നാല് തവണയാണ് ചാമ്പ്യൻസ് ലീഗിൽ നെസ്റ്റ ലയണൽ മെസ്സിയെ നേരിട്ടിട്ടുള്ളത്.രണ്ട് മത്സരത്തിൽ ബാഴ്സ വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിക്കുകയായിരുന്നു. ആ മത്സരങ്ങളിൽ ബാഴ്സ ആകെ നേടിയ എട്ടു ഗോളുകളിൽ മൂന്നു ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സിയായിരുന്നു നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *