അർജന്റീനയുടെ 16കാരനെ സ്വന്തമാക്കാൻ ബാഴ്സയും റയലും തമ്മിൽ പോരാട്ടം!

ഖത്തർ വേൾഡ് കപ്പ് നേടിയതിനു ശേഷം അർജന്റീന താരങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സമയത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള അർജന്റീന താരങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.എൻസോ ഫെർണാണ്ടസ്,അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവരുടെയൊക്കെ മൂല്യം വലിയ രൂപത്തിൽ വർധിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ട്രാൻസ്ഫർ ജാലകത്തിൽ ചർച്ചയാവുന്നത് മറ്റൊരു അർജന്റീനയുടെ വണ്ടർ കിഡ് ആണ്. 16 വയസ്സ് മാത്രമുള്ള ജിയാൻലൂക്ക പ്രിസ്റ്റിയാന്നി നിലവിൽ അർജന്റീന ക്ലബ്ബായ വെലസിന്റെ താരമാണ്. അവരുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച് കൊണ്ട് ഒരു നേട്ടം കരസ്ഥമാക്കാൻ ഈ 16 വയസ് മാത്രമുള്ള താരത്തിന് കഴിഞ്ഞിരുന്നു.

അതായത് ഡിയഗോ മറഡോണ,സെർജിയോ അഗ്വേറോ എന്നിവർക്ക് ശേഷം അർജന്റൈൻ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് പ്രെസ്റ്റിയാന്നി സ്വന്തമാക്കിയിട്ടുള്ളത്. അർജന്റീനയുടെ അണ്ടർ 17 ടീമിന് വേണ്ടിയും ഈ മുന്നേറ്റ നിര താരം കളിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഈ താരത്തിന് വേണ്ടി സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും രംഗത്ത് വന്നിട്ടുണ്ട്. ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ രണ്ട് ടീമുകൾക്കും താല്പര്യമുണ്ട്.പക്ഷേ നീക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല. മറിച്ച് സാഹചര്യം നിരീക്ഷിക്കുകയാണ് ഈ രണ്ട് ടീമുകളും ചെയ്യുന്നത്. താരത്തിന് ഇറ്റാലിയൻ പാസ്പോർട്ട് ലഭിക്കുന്നതിനാൽ നോൺ യൂറോപ്പ്യൻ സ്പോട്ടിന്റെ കാര്യത്തിൽ ടീമുകൾക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല.

കൂടാതെ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും അർജന്റീനയുടെ ഈ 16 വയസ്സു മാത്രമുള്ള താരത്തിൽ താല്പര്യമുണ്ട്.ആര് സ്വന്തമാക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.ഈയിടെയായിരുന്നു റയൽ മാഡ്രിഡ് ബ്രസീലിയൻ വണ്ടർ കിഡ് ആയ എൻഡ്രിക്കിനെ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *