മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി അർജന്റൈൻ താരം

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ പ്രതിരോധനിര താരം മാർക്കോസ് റോജോ ഈ സമ്മർ ട്രാൻസ്ഫർ യുണൈറ്റഡ് വിട്ടേക്കും. താരത്തിന്റെ ഏജന്റ് ആയ ജോനാഥാൻ ബാർനെട്ട് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ താരം ലോൺ അടിസ്ഥാനത്തിൽ തന്റെ മുൻ ക്ലബായ എസ്റ്റുഡിയാന്റസ് എൽപിക്ക് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ആയിരുന്നു താരം ലോണിൽ തന്റെ മുൻകാല ക്ലബ്ബിലേക്ക് പോയത്. എന്നാൽ ഈ ജൂണിൽ താരത്തിന്റെ ലോൺ കാലാവധി അവസാനിച്ചിട്ടുണ്ട്. പക്ഷെ യുണൈറ്റഡിലേക്ക് തിരികെ വരാൻ താരത്തിന് താല്പര്യമില്ലെന്നും അർജന്റീനയിൽ തന്നെ തുടരാനാണ് റോജോ ഉദ്ദേശിക്കുന്നതെന്നും ഏജന്റ് വ്യക്തമാക്കി. കൂടാതെ നഥാൻ അകയെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടതും താരത്തിന്റെ യുണൈറ്റഡിൽ ഉള്ള സാധ്യതകൾ കുറക്കുകയാണ് ചെയ്തത്. ഇതോടെ ഈ ട്രാൻസ്ഫറിൽ ക്ലബ്‌ വിടാൻ റോജോ ആഗ്രഹിക്കുകയായിരുന്നു.

അതേസമയം അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിന് വേണ്ടി കളിക്കാൻ തന്നെ ക്ഷണിച്ചിരുന്നുവെന്നും അതിന് വേണ്ടി ചർച്ചകൾ തുടങ്ങിയിരുന്നുവെന്നും എന്നാൽ താൻ അത് നിരസിച്ചുവെന്നും റോജോ അറിയിച്ചു. തിരിച്ചു വരവിൽ തന്റെ മുൻ ക്ലബിന് വേണ്ടി ഒരു മത്സരം മാത്രമേ കളിക്കാൻ താരത്തിന് സാധിച്ചൊള്ളൂ. പിന്നീട് പരിക്കേറ്റ് പുറത്തായിരുന്നു. “എന്റെ പദ്ധതി എന്നുള്ളത് അർജന്റീനയിൽ തുടരുക എന്നാണ്. തീർച്ചയായും എനിക്ക് എസ്റ്റുഡിയാന്റസിനോടൊപ്പം തുടരാൻ തന്നെയാണ് ആഗ്രഹം. പക്ഷെ ഈയിടക്ക് ഒരു കാര്യം സംഭവിച്ചു. ബൊക്ക ജൂനിയേഴ്‌സിൽ നിന്നും എനിക്ക് വിളി വന്നിരുന്നു. ബൊക്കയുടെ വൈസ് പ്രസിഡന്റ്‌ ആയ യുവാൻ റോമൻ റിക്വൽമി എന്നെ വിളിച്ചിരുന്നു. തീർച്ചയായും ഞാൻ ഒരുപാട് സന്തോഷിച്ചു. ഒരു ഇതിഹാസമാണ് എന്നെ ക്ഷണിച്ചിരിക്കുന്നത്. ഞങ്ങൾ സാഹചര്യത്തെ കുറിച്ച് ഒരുപാട് സംസാരിച്ചു. പക്ഷെ ഞാൻ അവസാനം അദ്ദേഹത്തോട് പറഞ്ഞു. ബൊക്കയിലേക്ക് മാറാൻ പറ്റിയ സമയമല്ല എന്ന് ” റോജോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *