ഏറ്റവും മികച്ച ആരാധകർക്കുള്ള ഫിഫ പുരസ്കാരം, പട്ടികയിൽ ഇടം നേടി അർജന്റീന ആരാധകരും!

കഴിഞ്ഞ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നോമിനികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.ലോക ചാമ്പ്യന്മാരായ അർജന്റീനയിൽ നിന്നും സൂപ്പർതാരങ്ങൾ ഇടം നേടിയിരുന്നു. ഏറ്റവും മികച്ച താരത്തിനുള്ള പട്ടികയിൽ ലയണൽ മെസ്സിയും ഹൂലിയൻ ആൽവരസും ഇടം നേടിയിട്ടുണ്ട്. മികച്ച പരിശീലകനുള്ള പട്ടികയിൽ ലയണൽ സ്കലോണിയും ഗോൾകീപ്പർക്കുള്ള പട്ടികയിൽ എമി മാർട്ടിനസും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ഇതിനുപുറമേ അർജന്റീനക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അതായത് ഏറ്റവും മികച്ച ആരാധകർക്ക് നൽകുന്ന പുരസ്കാരത്തിനുള്ള ലിസ്റ്റിൽ അർജന്റീന ആരാധകരും ഇടം കണ്ടെത്തിയിട്ടുണ്ട്. അർജന്റീനയിൽ നിന്നും നിരവധി ആരാധകരായിരുന്നു വേൾഡ് കപ്പിൽ തങ്ങളുടെ രാജ്യത്തിന് വേണ്ടി ആർപ്പുവിളിക്കാൻ ഖത്തറിൽ എത്തിയിരുന്നത്.അർജന്റീനക്ക് കിരീടം ലഭിക്കുന്നതിൽ തങ്ങളുടെതായ പങ്കുവഹിക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കിരീടം നേടിയതിനു ശേഷം ബ്യൂണസ്‌ അയേഴ്സിൽ ലക്ഷക്കണക്കിന് അർജന്റീന ആരാധകരായിരുന്നു തടിച്ചുകൂടിയിരുന്നത്.

അർജന്റീന ആരാധകരെ കൂടാതെ ജപ്പാൻ ആരാധകരും ഒരു സൗദി അറേബ്യൻ ആരാധകനും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കിയതിലൂടെ ശ്രദ്ധ നേടിയവരാണ് ജപ്പാൻ ആരാധകർ. സൗദി അറേബ്യൻ ആരാധകനായ അബ്ദുള്ള അൽ സലാമിയും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. അതായത് തന്റെ ജന്മദേശം ആയ ജിദ്ദയിൽ നിന്നും സൗദി അറേബ്യയെ പിന്തുണക്കാൻ വേണ്ടി 1600 കിലോമീറ്റർ മരുഭൂമിയിലൂടെ നടന്നുകൊണ്ടാണ് അദ്ദേഹം ഖത്തറിൽ എത്തിയിട്ടുള്ളത്. 55 ദിവസത്തോളമാണ് അദ്ദേഹം മരുഭൂമിയിലൂടെ നടന്നിട്ടുള്ളത്.

ഈ മൂന്ന് ആരാധകരാണ് ഇപ്പോൾ ഈ ലിസ്റ്റിൽ സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.ഒരു വ്യക്തിക്കോ അതല്ലെങ്കിൽ ഒരു ആരാധക കൂട്ടായ്മക്കോ ആണ് ഈ പുരസ്കാരം സമ്മാനിക്കാറുള്ളത്. കഴിഞ്ഞവർഷം ഡെന്മാർക്ക് -ഫിൻലാന്റ് ആരാധകരായിരുന്നു ഈ പുരസ്കാരം നേടിയിരുന്നത്.ക്രിസ്ത്യൻ എറിക്ക്സൺ ഗ്രൗണ്ടിൽ ഹൃദയാഘാതത്താൽ തളർന്നുവീണ സമയത്തുള്ള മാതൃകാപരമായ പെരുമാറ്റത്തിനായിരുന്നു കഴിഞ്ഞ വർഷം ഇവർക്ക് പുരസ്കാരം ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *