ആരാധകരുടെ പ്രതിഷേധത്തെ ഭയക്കുന്നു, ലയണൽ മെസ്സിക്ക് പാർക്ക് ഡെസ് പ്രിൻസസിൽ പിഎസ്ജി സ്വീകരണം നൽകിയേക്കില്ല!

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ആങ്കേഴ്സാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഖത്തർ വേൾഡ് കപ്പ് കിരീട ജേതാവായതിനുശേഷം ലയണൽ മെസ്സി ഇതുവരെ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടില്ല.ഇന്ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ ലയണൽ മെസ്സിക്ക് പിഎസ്ജി സ്വീകരണം നൽകുമോ എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് മെസ്സിക്ക് പിഎസ്ജി സ്വീകരണം നൽകില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. ഫ്രഞ്ച് ആരാധകരുടെ പ്രതിഷേധത്തെ ക്ലബ്ബ് ഭയക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്, അതിനേക്കാൾ ഉപരി കിലിയൻ എംബപ്പേയെ എമിലിയാനോ മാർട്ടിനസ് അധിക്ഷേപിച്ചതാണ് വലിയ രൂപത്തിൽ വിവാദമായിരുന്നത്.

അതേസമയം ലയണൽ മെസ്സിക്ക് പിഎസ്ജി തങ്ങളുടെ പരിശീലന മൈതാനത്ത് വച്ച് സ്വീകരണം നൽകിയിരുന്നു.ഗാർഡ് ഓഫ് ഹോണർ നൽകിക്കൊണ്ടായിരുന്നു പിഎസ്ജി സ്വീകരണം നൽകിയിരുന്നത്.ഏതായാലും വേൾഡ് കപ്പിൽ മിന്നുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തിരുന്നത്. അത് ക്ലബ്ബിന് വേണ്ടിയും പുറത്തെടുക്കും എന്നാണ് ആരാധക പ്രതീക്ഷകൾ. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഈ മത്സരത്തിൽ പിഎസ്ജി വിജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *