MNM ഇല്ല,പിഎസ്ജിയുടെ എതിർ താരങ്ങളും പരിശീലകനും നിരാശയിൽ!

ഇന്ന് കോപ്പ ഡി ഫ്രാൻസിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഷറ്റെറൂക്സാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു എവേ മത്സരമാണ്.

ഈ മത്സരത്തിൽ പിഎസ്ജിയുടെ മുന്നേറ്റ നിരയിലെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഉണ്ടാവില്ല എന്നുള്ളത് പിഎസ്ജി പരിശീലകൻ സ്ഥിരീകരിച്ചിരുന്നു.മാത്രമല്ല മറ്റു പല പ്രധാനപ്പെട്ട താരങ്ങളും കളിക്കുന്നില്ല.അതേസമയം കൂടുതൽ യുവ താരങ്ങൾക്ക് ഈ മത്സരത്തിൽ ഗാൾട്ടിയർ അവസരം നൽകിയേക്കും.

എന്നാൽ പിഎസ്ജിയുടെ സൂപ്പർ താരങ്ങൾ ഇല്ലാത്തതിൽ എതിരാളികളായ ഷറ്റെറൂക്സിന്റെ പരിശീലകനും താരങ്ങളും ഒക്കെ നിരാശയിലാണ്. സൂപ്പർതാരങ്ങളെ നേരിടാൻ തങ്ങൾ ആഗ്രഹിച്ചിരുന്നു എന്നാണ് ഇവർ വ്യക്തമാക്കിയിട്ടുള്ളത്.നമുക്ക് അവർ പറഞ്ഞത് പരിശോധിക്കാം.

” തീർച്ചയായും ഏറ്റവും മികച്ച താരങ്ങളോട് ഏറ്റുമുട്ടാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പിഎസ്ജിയിലെ എല്ലാ താരങ്ങളും ഇല്ലാത്തതിൽ ഞാൻ നിരാശനാണ്.അവരെ കാണാൻ വേണ്ടി കാത്തിരുന്ന ഞങ്ങളുടെ ആരാധകരും നിരാശർ തന്നെയായിരിക്കും ” ഇതായിരുന്നു ഷറ്റെറൂക്സിന്റെ പരിശീലകനായ മാക്സീൻ ഫ്ലാഷെസ്‌ പറഞ്ഞിരുന്നത്.

” പിഎസ്ജിയുടെ സൂപ്പർ താരങ്ങൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. കാരണം ഞങ്ങളുടെ മികവ് എന്താണ് എന്നുള്ളത് അവർക്ക് മുന്നിൽ ഞങ്ങൾക്ക് തെളിയിക്കണമായിരുന്നു.അവർ ഇല്ലാത്തത് വളരെ മോശമായ ഒരു കാര്യം തന്നെയാണ്. പക്ഷേ പിഎസ്ജിക്ക് വേണ്ടി ഇറങ്ങുന്നവരും ഒരുപിടി മികച്ച താരങ്ങൾ തന്നെയാണ് ” ഇതാണ് അവരുടെ ഡിഫൻഡർ ആയ പീറ്റർ ഔനഹ് പറഞ്ഞിരുന്നത്.

” കിലിയൻ എംബപ്പേയേ പോലെയൊരു താരത്തിനെതിരെ കളിക്കുന്നത് തീർച്ചയായും ഞങ്ങൾ സ്വപ്നം കണ്ടിരുന്നു.മൂന്ന് ആഴ്ചകൾക്ക് മുന്നേ വേൾഡ് കപ്പ് ഫൈനലിൽ ഞങ്ങളെ ആവേശം കൊള്ളിച്ച താരമാണ് എംബപ്പേ. പക്ഷേ ഈ താരങ്ങൾ ഇല്ലാത്തതിന്റെ കാരണമൊക്കെ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും ” ഇതാണ് അവരുടെ മധ്യനിര താരമായ റൊമയിൻ ബാസ്ക്ക് പറഞ്ഞിരുന്നത്.

ഏതായാലും മെസ്സിയും നെയ്മറും എംബപ്പേയും ഇല്ലാത്തത് പിഎസ്ജിയുടെ എതിരാളികൾക്ക് സന്തോഷം നൽകുന്നതിനേക്കാൾ കൂടുതൽ ദുഃഖമാണ് നൽകിയിട്ടുള്ളത്. കാരണം ഈ താരങ്ങൾക്കെതിരെ കളിക്കുക എന്നുള്ളതൊക്കെ ഭാഗ്യമായിട്ടാണ് ഇവർ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *