ആറ്റിട്യൂഡ് മോശം, എൻസോ ഫെർണാണ്ടസിന് പണി കിട്ടിയേക്കും!

ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് അർജന്റീനയുടെ യുവ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് നടത്തിയിരുന്നത്.സ്കലോണിക്ക് കീഴിൽ അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിര സാന്നിധ്യമാവാൻ എൻസോക്ക് സാധിച്ചിരുന്നു. മാത്രമല്ല വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു.

വേൾഡ് കപ്പ് ചാമ്പ്യനായതിനുശേഷം എൻസോ ഫെർണാണ്ടസ് തന്റെ ക്ലബ്ബായ ബെൻഫിക്കയിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി അർജന്റീനയിലേക്ക് തന്നെ തിരികെ പോവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബെൻഫിക്ക ബ്രാഗയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിൽ എൻസോ ക്ലബ്ബിനു വേണ്ടി കളിച്ചിരുന്നില്ല.

ന്യൂഇയർ ആഘോഷിക്കാൻ വേണ്ടി അർജന്റീനയിലേക്ക് തന്നെ തിരികെ പോയതിനാൽ ക്ലബ്ബിന്റെ 2 ട്രെയിനിങ് സെഷനുകൾ ഈ അർജന്റീന താരം നഷ്ടപ്പെടുത്തിയിരുന്നു.ക്ലബ്ബിന്റെ അനുമതി കൂടാതെയാണ് ഈ ട്രെയിനിങ് സെഷനുകൾ അദ്ദേഹം നഷ്ടമാക്കിയിരിക്കുന്നത്. ഇത് ക്ലബ്ബിനെ ചൊടിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ആറ്റിറ്റ്യൂഡ് മോശമായതിൽ എൻസോക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബെൻഫിക്കയുള്ളത്.ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഏതായാലും ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അർജന്റീന താരം ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഇപ്പോൾ ഏറെയാണ്.കാരണം ഞാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുമായി ഇപ്പോൾ തന്നെ പേഴ്സണൽ എഗ്രിമെന്റിൽ എത്തിയിട്ടുണ്ട്. താരത്തിന്റെ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിലാണ് ഇപ്പോൾ ചെൽസിയും ബെൻഫികയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. അക്കാര്യത്തിൽ ധാരണയിൽ എത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ എൻസോയെ ചെൽസി ജഴ്സിയിൽ കാണാൻ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *