റയലിലേക്ക് പോവണമെന്ന് എംബപ്പേ പറഞ്ഞിരുന്നു : ഉറച്ച് നിന്ന് മുൻ സഹതാരം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ സമയത്ത് ഫുട്ബോൾ ലോകം ഒന്നടങ്കം ഉറ്റു നോക്കിയിരുന്നത് കിലിയൻ എംബപ്പേയിലേക്കായിരുന്നു. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറും എന്നുള്ളത് പലരും ഉറപ്പിച്ചിരുന്ന ഒരു സമയമായിരുന്നു അത്.എന്നാൽ കിലിയൻ എംബപ്പേ പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പുവെക്കുകയായിരുന്നു. റയൽ മാഡ്രിഡിനും ആരാധകർക്കും വലിയ നിരാശ സമ്മാനിച്ച ഒരു കാര്യമായിരുന്നു അത്.
2021 ഫെബ്രുവരിയിൽ എംബപ്പേയുടെ മുൻ സഹതാരമായിരുന്നു ജെസേ റോഡ്രിഗസ് ഇതുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതായത് റയലിലേക്ക് പോകണം എന്നുള്ള കാര്യം കിലിയൻ എംബപ്പേ തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു ജെസേ വെളിപ്പെടുത്തിയിരുന്നത്. അതിനുശേഷമാണ് എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കിയത്.എന്നാൽ ജെസേ ഈ കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ട്.എംബപ്പേ അന്ന് തന്നോട് അങ്ങനെ പറഞ്ഞിരുന്നു എന്നുള്ളത് ഒരിക്കൽ കൂടി ജെസേ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇪🇸 L’ancien attaquant du PSG et du Real Jesé répète que Kylian Mbappé lui avait fait part de ses envies de signer au Real Madrid.https://t.co/ITYqfpxG7i
— RMC Sport (@RMCsport) December 28, 2022
” ഞാൻ പിന്നീട് എംബപ്പേയുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.പക്ഷേ അന്ന് അദ്ദേഹം എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്.എംബപ്പേ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഞാൻ മറ്റുള്ളവരോട് പറഞ്ഞിട്ടുള്ളത്. വ്യക്തിപരമായ പ്രഷർ കൊണ്ടാണ് അദ്ദേഹം പിഎസ്ജിയുമായി കരാർ പുതുക്കിയത് എന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ പ്രൊഫഷണലായി കൊണ്ടല്ല അദ്ദേഹം കരാർ പുതുക്കിയിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡണ്ട് ഇടപെടാൻ പാടില്ലാത്ത കാര്യത്തിലാണ് ഇടപെട്ടിട്ടുള്ളത് ” ഇതാണ് ജെസേ പറഞ്ഞിട്ടുള്ളത്.
കിലിയൻ എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കാനുള്ള പ്രധാന കാരണം ഫ്രഞ്ച് പ്രസിഡണ്ടായ ഇമ്മാനുവൽ മക്രോൺ ആണ്.പിഎസ്ജി വിടരുത് എന്നുള്ള അപേക്ഷ ഫ്രഞ്ച് പ്രസിഡണ്ട് തന്നോട് നടത്തിയിരുന്നു എംബപ്പേ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. യഥാർത്ഥത്തിൽ കരാർ പുതുക്കാൻ നിർബന്ധിതനാകുന്ന ഒരു സാഹചര്യമായിരുന്നു എംബപ്പേക്ക് അന്ന് ഉണ്ടായത് എന്നാണ് ജെസേ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.